ആനയെഴുന്നള്ളിപ്പ് : രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയ ജില്ലയിലെ ആരാധനാലയങ്ങള്‍ക്ക് അവസരം
സുപ്രീം കോടതിയുടെ 2015-ലെ വിധി പ്രകാരം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നാട്ടാനകളെ എഴുന്നളളിച്ചുകൊണ്ടിരുന്ന ആരാധനാലയങ്ങള്‍ 2012-ലെ നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപീകൃതമായ ജില്ലയിലെ മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം. പല ആരാധനാലയങ്ങള്‍ക്കും സമയപരിധിക്കുളളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2012-ന് മുമ്പ് ആചാരാനുഷ്ഠാനങ്ങളുടെയും ഉത്സവത്തിന്റെയും ഭാഗമായി നാട്ടാനകളെ എഴുന്നളളിച്ചിരുന്നതും പിന്നീട് തുടര്‍ന്ന് പോരുന്നതുമായ ആരാധനാലയങ്ങള്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
2012 ന് മുന്‍പ് ആചാരാനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ആനകളെ എഴുന്നളളിച്ചിരുന്നതും പിന്നീട് തുടര്‍ന്ന് പോരുന്നതും എന്നാല്‍ ജില്ലാ കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ ഉത്സവങ്ങള്‍ ജനുവരി 21 മുതല്‍ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. 2012-ന് ശേഷം ആരംഭിച്ച ആനയെ എഴുന്നള്ളിച്ചുളള പുതിയ പൂരങ്ങള്‍/ ഉത്സവങ്ങള്‍ എന്നിവയ്ക്കു രജിസ്ട്രേഷന്‍ നല്‍കില്ല.
അപേക്ഷയില്‍ ഉത്സവം സംബന്ധിച്ച വിവരങ്ങളും ആനയെ എഴുന്നളളിക്കുന്ന ചടങ്ങുകളുടെയും ആനകളുടെ എണ്ണവും പ്രതിപാദിക്കണം. 2012-ന് മുന്‍പ് ആനകളെ എഴുന്നളളിച്ചതാണെന്നുളളതിനും പിന്നീട് തുടര്‍ന്ന് പോരുന്നതാണെന്നതിനും തെളിവുകള്‍ ഉളളടക്കം ചെയ്യണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിവഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 0468 2243452, 9447979134. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാതല കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്കോ , കണ്‍വീനറായ പത്തനംതിട്ട , സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കോ ഫെബ്രുവരി 19 വരെ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. അപേക്ഷകള്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധന നടത്തി തീരുമാനം എടുക്കും.
ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുന്‍പാകെ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നതും രജിസ്റ്റര്‍ ചെയ്ത എണ്ണത്തേക്കാളും കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നതും ഉത്സവങ്ങളിലും മറ്റും പുതുതായി ആനകളെ പങ്കെടുപ്പിക്കുന്നതും നിയമലംഘനമാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം , ക്ഷേത്രഭാരവാഹികള്‍, ഉത്സവകമ്മിറ്റി ഭാരവാഹികള്‍ , ആനയുടമസ്ഥര്‍, ആന പാപ്പാന്മാര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാതല കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments