ലൈഫ് മിഷന്; ജില്ലയിലെ 6024 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ (ജനുവരി 18)
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫ് മുഖേന കോട്ടയം ജില്ലയില്‍ 6024 വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം നാളെ (ജനുവരി 18) ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നിര്‍വഹിക്കും.
തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 10.30 ന് നടക്കുന്ന ലൈഫ് മിഷന് ഗുണഭോക്താക്കളുടെ ജില്ലാതല സംഗമത്തിലാണ് പ്രഖ്യാപനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിക്കും.
എം.പിമാരായ തോമസ് ചാഴികാടന്, ജോസ് കെ.മാണി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, കെ. സുരേഷ് കുറുപ്പ്, സി.കെ. ആശ, മാണി സി.കാപ്പന്, ഡോ.എന്‍. ജയരാജ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്, കോട്ടയം നഗരസഭ അധ്യക്ഷ ഡോ.പി.ആര്. സോന തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയായ് കുതിരവേലില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജില്ലാതല സംഗമത്തിനു മുന്നോടിയായി ബ്ലോക്ക് - നഗരസഭാ തലങ്ങളില്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചുവരികയാണ്. ഇതുവരെ നടന്ന സംഗമങ്ങളില്‍ 3498 കുടുംബങ്ങള്‍ പങ്കെടുത്തു. അദാലത്തുകളില്‍ ലഭിച്ച 2133 അപേക്ഷകളില്‍ 1451 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു.
ലൈഫ് മിഷനില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഭവന നിര്‍മാണം നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 1093 വീടുകളും രണ്ടാം ഘട്ടത്തില്‍ 4931 വീടുകളുമാണ് ജില്ലയില്‍ നിര്‍മിച്ചത്. മൂന്നാം ഘട്ടത്തില്‍ നാല് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കും. വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലെ ഫ്ളാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അകലക്കുന്നം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും കെയര്‍ ഹോം പദ്ധതിയില്‍ വൈക്കം മുനിസിപ്പാലിറ്റിയില്‍ നടുവിലെ വില്ലേജിലും ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തയ്യാറാക്കി വരുകയാണ്.
- Log in to post comments