ദേശീയ സാമ്പിള്‍ സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കം
ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ 78-ാം റൗണ്ട് വിവര ശേഖരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാറിന്‍റെ വസതിയില്‍ നിര്‍വഹിച്ചു.
രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ഘടനയെക്കുറിച്ച് പഠനം നടത്തുന്നതിന് 1950ല്‍ ആരംഭിച്ച സര്‍വ്വേയില്‍ വിവിധ വിഷയങ്ങളിലുള്ള വിവര ശേഖരണമാണ് ഓരോ റൗണ്ടുകളിലും നടത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കുന്ന 78-ാം റൗണ്ടില്‍ ആഭ്യന്തര ടൂറിസത്തിന്‍റെ വിശദാംശങ്ങളും 2030ല്‍ രാജ്യം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ബഹുസൂചകങ്ങള്‍ തയ്യാറാക്കുന്നതിന് സഹായകമായ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരാണ് പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങള്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നത്. ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കോട്ടയം ജില്ലയില്‍ നാലു ഉപറൗണ്ടുകളില്‍ റൂറല്‍ മേഖലയില്‍ 16 പഞ്ചായത്ത് വാര്‍ഡുകളും അര്‍ബന്‍ മേഖലയില്‍ നാലു ഫ്രെയിം സര്‍വ്വേ ബ്ലോക്കുകളുമാണ് വിവര ശേഖരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, ജില്ലാ ഓഫീസര്‍ കെ. ബി ഹരീഷ് കുമാര്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ആര്‍. രാജേഷ്, റിസര്‍ച്ച് ഓഫീസര്‍മാരായ പി.ആര്‍. ശ്രീലേഖ, ഷൈലമ്മ ജോസഫ്, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ സി. ഛന്ദസ്, കെ.ജി അജിത് കുമാര്‍, കെ.ആര്‍ ദീലീപ് തുടങ്ങിയവര്‍ സന്നിഹിതരായി.
- Log in to post comments