Skip to main content

കുടുംബശ്രീ കൂട്ടായ്മയില്‍ ലൈഫ് വീടൊരുങ്ങി

ലൈഫ് പദ്ധതിയുടെ വിജയവഴിയില്‍ കുടുംബശ്രീ കൂട്ടായ്മയുടെ മികവും ശ്രദ്ധനേടുന്നു. പദ്ധതിയില്‍ ജില്ലയില്‍ പല മേഖലകളിലും വീടു നിര്‍മാണം  കുടുംബശ്രീ വനിതകള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിവരുന്നു.  

പള്ളം ബ്ലോക്കിലെ കുറിച്ചി ഗ്രാമപഞ്ചായത്തില്‍ സചിവോത്തമപുരത്ത് പകിടിയില്‍ പുതുപ്പറമ്പില്‍  ടി.ആര്‍ അയ്യപ്പനുവേണ്ടിയാണ് ഏറ്റവുമൊടുവില്‍ സ്ത്രീകളുടെ കൂട്ടായ്മ വീടു നിര്‍മിച്ചത്.  
വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയായിരുന്നു അയ്യപ്പന്‍റെ കുടുംബം. പഞ്ചായത്തില്‍ നിന്ന് ലഭിച്ച ധനസഹായം ഉപയോഗിച്ചു വാങ്ങിയ ഭൂമിയിലാണ് 34 വനിതകള്‍  ചേര്‍ന്ന് വീടു നിര്‍മിച്ചത്. 

വാനം എടുത്തതു മുതല്‍ പെയിന്‍റിംഗ് വരെയുള്ള ജോലികള്‍ മാടപ്പള്ളി, പായിപ്പാട്, വാകത്താനം, കുറിച്ചി പഞ്ചായത്തുകളിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്.
ആശ്രയ പദ്ധതിയില്‍ കുറിച്ചി പുലിക്കുഴിയില്‍ തങ്കച്ചന്‍റെ വീട് നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തിലാണ്  ഇവരിപ്പോള്‍. 

ലൈഫ് മിഷനില്‍ വാഴൂര്‍, കുറിച്ചി, ഉഴവൂര്‍, തലയാഴം, മേലുകാവ്, മൂന്നിലവ്, കൂരോപ്പട പഞ്ചായത്തുകളിലാണ് കുടുംബശ്രീ വനിതകള്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ എക്സാത്ത് ഏജന്‍സി വഴിയാണ് കെട്ടിടനിര്‍മ്മാണത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കിയത്.

date