Skip to main content

തലയാഴം മാതൃകാ ഗ്രാമം പദ്ധതി; ആലോചനാ യോഗം നടത്തി

പാര്‍ലമെന്‍റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജന കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ആലോചനാ യോഗം ചേര്‍ന്നു. രാജ്യസഭാംഗമായ ബിനോയ് വിശ്വമാണ് പദ്ധതിയില്‍ തലയാഴത്തെ ഉള്‍പ്പെടുത്തിയത്. 

തലയാഴം  ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ സി.കെ ആശ എം. എല്‍.എ അധ്യക്ഷയായിരുന്നു. ഗ്രാമത്തിന്‍റെ വികസനത്തിനായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിലവിലെ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണവും പ്രാദേശിക സാധ്യതകള്‍ പരിഗണിച്ചു രൂപം നല്‍കുന്ന പുതിയ കര്‍മ്മ പരിപാടികളും മുഖേന തലയാഴത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇതിനായി വിഭാവനം ചെയ്യുന്ന പദ്ധതികളുടെ ആദ്യ ഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ കര്‍മ്മ പദ്ധതികള്‍ ക്രോഡീകരിച്ച് വില്ലേജ് ഡവലപ്മെന്‍റ് പ്ലാന്‍  തയ്യാറാക്കുന്നതിന് വൈക്കം ബി.ഡി.ഒയെ ചുമതലപ്പെടുത്തി. 

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എം. ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ  പി.സുഗതന്‍, കെ.കെ. രഞ്ജിത്ത്, സന്‍സദ് ആദര്‍ശ് ഗ്രാം യോജന ചാര്‍ജ് ഓഫീസര്‍ സഫിയ ബീവി, ബി.ഡി.ഒ എസ്. ഹേമ,  ദാരിദ്ര ലഘൂകരണ വിഭാഗം എ.എസ.്ഒ കെ.ശ്രീകുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date