ആൻസി സോജന് സർക്കാരിന്റെ പ്രതിദിന സഹായം
നാട്ടിക സ്പോർട്സ് അക്കാദമിയുടെ അത്ലറ്റ് ആൻസി സോജന് സംസ്ഥാന സർക്കാരിന്റെ സഹായം. പ്രതിദിനം 500 രൂപ വീതം ഭക്ഷണ ചെലവിനായി നൽകുമെന്ന് കായികമന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. ജി.വി.രാജ അവാർഡ് പ്രഖ്യാപന വേളയിലാണ് ആൻസിക്കുള്ള സഹായം മന്ത്രി പ്രഖ്യാപിച്ചത്.
നാട്ടിക ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു.വിദ്യാർഥിനിയായ ആൻസി ഖേലോ ഇന്ത്യാ അത്ലറ്റിക്സ് മീറ്റിൽ മൂന്ന് സ്വർണം നേടി മീറ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ സ്‌കൂൾ മീറ്റിൽ നാല് സ്വർണം നേടി വേഗറാണിയായും മികച്ച വനിതാ അത്ലറ്റായും തെരഞ്ഞെടുക്കപ്പെട്ടതും ആൻസിയാണ്. തീരദേശത്തെ നാട്ടിക സ്വദേശിനിയായ ഈ കായിക താരം ഓട്ടോ ഡ്രൈവറായ സോജന്റെയും ത്രിവേണി സൂപ്പർ മാർക്കറ്റ് ജീവനക്കാരി ജാൻസിയുടേയും മകളാണ്. ബി.കെ.ജനാർദ്ദനൻ ചെയർമാനായ നാട്ടിക സ്പോർട്സ് അക്കാദമിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ വി.വി.സനോജിന്(കണ്ണൻ) കീഴിലെ പരിശീലനമാണ് ആൻസിയെ മികച്ച ദൂരങ്ങളിലേയ്ക്കും വേഗത്തിലേയ്ക്കും നയിക്കുന്നത്.
- Log in to post comments