പട്ടികജാതി കോളനിയിലെ കിണറുകളിൽ പെട്രോളിന്റെ അംശം: പമ്പ് അടച്ചിടാൻ കളക്ടറുടെ നിർദേശം
കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പിലാവ് കോളനിയിലെ കിണറുകളിൽ പെട്രോളിന്റെ അംശമുണ്ടെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് വെളളിയാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചു. കിണറുകൾ പരിശോധിച്ച കളക്ടർ പെട്രോൾ പമ്പ് അടച്ചിടാനും പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുവാനും നിർദ്ദേശിച്ചു. കളക്ടർക്കൊപ്പം സംസ്ഥാന മലിനീകരണ ബോർഡ് ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും പഞ്ചായത്തംഗങ്ങളായ കെ.ആർ റെജിൽ, കെ.എ ശിവരാമൻ, പ്രഭാത് മുല്ലപ്പിള്ളി എന്നിവരും ഉണ്ടായിരുന്നു. കടവല്ലൂർ പഞ്ചായത്തിലെ 14-ാം വാർഡിലെ കോളനി നിവാസികളാണ് സമീപത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ ചോർന്ന് കിണറുകളിൽ എത്തുന്നതായി പരാതിപ്പെട്ടിരുന്നത്. അമ്പതോളം കുടുംബങ്ങളുടെ കിണറുകളിലാണ് മഞ്ഞപ്പാടയും കുമിളകളും ദുർഗന്ധവും പുളിരസവും അനുഭവപ്പെട്ട് വെള്ളം മലിനമായിരിക്കുന്നത്. വെള്ളത്തിൽ പെട്രോളിന്റെ അംശമുള്ളതിനാൽ കുടിക്കുവാനോ, ഭക്ഷണം പാകം ചെയ്യാനോ, കുളിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവിടത്തുകാർ.
- Log in to post comments