തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം മികച്ച ശിശുസംരക്ഷണ കേന്ദ്രം
സംസ്ഥാനത്തെ ഏറ്റവും മികച്ച ചില്‍ഡ്രന്‍സ് ഹോമിനുള്ള അവാര്‍ഡ് കോട്ടയം തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിന് ലഭിച്ചു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ അടിസ്ഥാന-ഭൗതിക സാഹചര്യങ്ങള്‍, കുട്ടികളുടെ സര്‍വ്വതോന്‍മുഖമായ വികസനം, കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിനടത്തിയ ഫലപ്രദമായ ഇടപെടലുകള്‍ എന്നിവ വിലയിരുത്തിയാണ് കോട്ടയം തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിനെ തെരഞ്ഞെടുത്തത്. വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്‍ തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവരില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. വനിത ശിശുവികസന ഡയറക്ടര്‍ ഷീബാ ജോര്‍ജ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗീതാ ഗോപാല്‍, ഡോ. ടി.കെ. ആനന്ദി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജയില്‍ വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ 1963ല്‍ തിരുവഞ്ചൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗവ. ചില്‍ഡ്രന്‍സ് ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ താത്ക്കാലിക സംരക്ഷണം, വിദ്യാഭ്യാസം, പരിശീലനം, പുനരധിവാസം എന്നിവ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവിടെ നടത്തി വരുന്നത്. നിലവില്‍ 36 കുട്ടികളാണ് അന്തേവാസികള്‍.
സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ കുട്ടികള്‍, വീടില്ലാത്ത കുട്ടികള്‍, ജീവനമാര്‍ഗ്ഗമില്ലാത്ത കുട്ടികള്‍, ബാലവേലയില്‍നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികള്‍, തെരുവില്‍ അലയുന്ന കുട്ടികള്‍, ചൈല്‍ഡ് ലൈന്‍ വഴി രക്ഷിക്കപ്പെട്ട കുട്ടികള്‍ തുടങ്ങി ശ്രദ്ധയും സംരക്ഷണവും ആവശ്യമായ വിഭാഗത്തിലുള്ള കുട്ടികളെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്നും സ്ഥാപനത്തിലെത്തിയിട്ടുള്ള പല കുട്ടികളും വിദ്യാഭ്യാസ കാര്യത്തില്‍ അടിസ്ഥാനമില്ലാത്തവരും ശിഥിലമായ കുടുംബ അന്തരീക്ഷം, സമപ്രായക്കാരുടെ ദുഃസ്വാധീനം- ദാരിദ്ര്യം, സാമൂഹ്യപരമായ മറ്റു കാരണങ്ങള്‍ എന്നിവയാല്‍ മാനസിക - വൈകാരിക - പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ്.
കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ഉറപ്പുവരുത്തുന്നതിനായി ചില്‍ഡ്രന്‍സ് ഹോമില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, ആധുനിക സജ്ജീകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ കെട്ടിട സമുച്ചയത്തില്‍ കുട്ടികള്‍ക്കായുള്ള കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മെട്രികള്‍, സൂപ്രണ്ട് ഓഫീസ്, കൗണ്‍സിലിംഗ് റൂം, കേസ് വര്‍ക്കര്‍ റൂം, ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍ റൂം, സ്റ്റോര്‍ റൂമുകള്‍, സിക്ക് റൂം, അടുക്കള, ഭക്ഷണമുറി, ഓഫീസ് സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. സ്ഥാപന കോമ്പൗണ്ടില്‍ കുട്ടികള്‍ക്കായി ബാസ്‌ക്കറ്റ്ബാള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ കോര്‍ട്ട് കൂടാതെ മിനി ജിംനേഷ്യം, മിനി പാര്‍ക്ക് എന്നിവയുമുണ്ട്.
ഒരു പാര്‍ട്ട്‌ടൈം മെഡിക്കല്‍ ഓഫീസറുടെ സേവനം പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇവിടെ ലഭ്യമാണ്. സാമൂഹ്യനീതി വകുപ്പില്‍നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ട് കൗണ്‍സിലര്‍മാര്‍ എല്ലാ ദിവസവും സ്ഥാപനത്തില്‍ കുട്ടികളുടെ ശാരീരിക-മാനസിക-പെരുമാറ്റ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് കൗണ്‍സിലിംഗും ഫാമിലി കൗണ്‍സിലിംഗും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ തെറപ്പി ചികിത്സകളും മറ്റും നടത്തി വരുന്നു. ട്രാഡാ മാങ്ങാനം, സൈക്ക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ് മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനവും കുട്ടികള്‍ക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നു.സ്ഥാപനത്തിന്റേയും പരിസരത്തിന്റേയും ശുചിത്വം ഉറപ്പുവരുത്തുന്നതിന് പള്ളം ബ്ലോക്ക് പഞ്ചായത്ത്, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത്, പാറമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം, അയര്‍ക്കുന്നം സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മഴക്കാലപൂര്‍വ്വ ശുചിത്വപ്രവര്‍ത്തനങ്ങളും പരിസര ശുചീകരണം, ബ്ലീച്ചിംഗ്-ക്ലോറിനേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ ക്ലാസ്സുകളും സ്ഥാപനത്തില്‍ നടത്തിവരുന്നു.
കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകള്‍ കണ്ടെത്തുന്നതിനും വികസിപ്പിച്ചെടുക്കുന്നതിനും ആവശ്യമായ പരിശീലനത്തിനൊപ്പം ആരോഗ്യ-വ്യക്തിത്വ വികസനത്തിനായി ഒരു യോഗ ഇന്‍സ്ട്രക്ടറും ഉണ്ട്. ആറായിരത്തിലധികം ബുക്കുകളും ആനുകാലികങ്ങളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറിയും ചില്‍ഡ്രന്‍സ് ഹോമിന്റെ ഭാഗമാണ്. കുട്ടികളുടെ മാനസികോല്ലാസത്തിനും അറിവിനും അതിലൂടെ കുട്ടികളുടെ മുഖ്യധാരാ പ്രവേശനത്തിനും പ്രയോജനകരമാകുംവിധം മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും കുട്ടികളെ പാര്‍ക്ക്, ബീച്ച്, സിനിമ, മറ്റ് പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ കാണുവാനായി പുറത്തേക്ക് കൊണ്ടുപോകാറുണ്ട്.
ട്യൂഷന്‍ ടീച്ചര്‍മാരുടേയും എഡ്യുക്കേറ്ററുടേയും സേവനം കുട്ടികള്‍ക്ക് നല്‍കിവരുന്നു. സര്‍ക്കാരിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അടഅജ). ഇവിടെ നടപ്പാക്കിയതായി സൂപ്രണ്ട് അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-190/18)
- Log in to post comments