Skip to main content

വനിതാ മുന്നേറ്റത്തിന്റെ നാൾവഴിയുമായി 'വിമോചനത്തിന്റെ പാട്ടുകാർ'

* ഡോക്യുഫിക്ഷൻ ആദ്യപ്രദർശനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളത്തിലെ വനിതകളുടെ മുന്നേറ്റത്തിന്റെ നാൾവഴികൾ വ്യക്തമാകുന്ന ഡോക്യുഫിക്ഷൻ 'വിമോചനത്തിന്റെ പാട്ടുകാർ' ആദ്യ പ്രദർശനവും ഉദ്ഘാടനവും 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വഴുതക്കാട് ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ഇൻഫർ മേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് ഡോക്യുഫിക്ഷൻ നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായിക വിധു വിൻസന്റാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലുണ്ടായ നേട്ടങ്ങളിലും മുന്നേറ്റങ്ങളിലും സ്ത്രീകൾ വഹിച്ച സജീവ സാന്നിധ്യമാണ് ഡോക്യുഫിക്ഷനിലൂടെ വ്യക്തമാക്കുന്നത്.
വൈകിട്ട് അഞ്ചു മുതൽ കലാശാല വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. സാമൂഹ്യനീതി വനിതാ ശിശു വികസനവും വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.എസ്.സലീഖ, ഐ.ആന്റ് പി.ആർ.ഡി ഡയറക്ടർ യു.വി.ജോസ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, പിന്നണി ഗായിക സയനോര, വനിതാ വികസന കോർപ്പറേഷൻ എം.ഡി. ബിന്ദു വി.സി. തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സംവാദം നടക്കും. ജെന്റർ അഡൈ്വസർ ഡോ.ടി.കെ ആനന്ദി മോഡറേറ്ററാകുന്ന സംവാദത്തിൽ ഹരിത കേരള മിഷൻ ഉപാധ്യക്ഷ ടി.എൻ.സീമ, സംവിധായകൻ ശങ്കർ രാമകൃഷണൻ, ഛായഗ്രാഹക ശ്രുതി നമ്പൂതിരി, അഭിനേത്രി ദിവ്യ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും. ശേഷം സംഗീത നിശ അരങ്ങേറും.
പി.എൻ.എക്സ്.243/2020

date