Skip to main content

സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷം പങ്കുവെച്ച് ചെങ്ങന്നൂര്‍ നഗരസഭയിലെ ലൈഫ് മിഷന്‍ കുടുംബ സംഗമം

ആലപ്പുഴ: സ്വന്തമായൊരു വീട് ലഭിച്ച സന്തോഷത്തിലായിരുന്നു ചെങ്ങന്നൂര്‍ നഗരസഭയിലെ ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍. ലൈഫ് മിഷന്‍ കുടുംബ സംഗമവും അദാലത്തും സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള ഭവന പദ്ധതിയിലൂടെ ലോകത്ത് തന്നെ ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ പദ്ധതികളിലായി മുന്‍കാലങ്ങളില്‍ വീട് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും സ്ഥലമുണ്ടായിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കും ലൈഫ് മിഷനിലുടെ സ്വന്തമായി ഭവനം ലഭിക്കുകയാണ്.ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി 199 വീടുകളാണ് ചെങ്ങന്നൂര്‍ നഗരസഭയില്‍ കരാറായത്. ഇതില്‍ 99 വീടുകള്‍ പൂര്‍ത്തിയാക്കി.

 

അദാലത്തിൽ വിവിധ വകുപ്പുകളുടെ സേവനം ഒരുക്കിയിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പേര് ചേര്‍ക്കാനുമുള്ള അവസരം, ആരോഗ്യ വകുപ്പിന് കീഴില്‍ ജീവിതശൈലി രോഗങ്ങളുടെ പരിശോധന, അക്ഷയ സ്റ്റാളിലൂടെ ആധാര്‍കാര്‍ഡ് എടുക്കാനും, തെറ്റുതിരുത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി.വി അജയന്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ സുധാമണി, പി.വി അനില്‍ കുമാര്‍, കൗണ്‍സിലര്‍ രാജന്‍ കണ്ണാട്, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി. ഷെറി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

date