Skip to main content

വിവിധ സേവനങ്ങൾ ലഭ്യമാക്കി ചെങ്ങന്നൂരിലെ ലൈഫ് അദാലത്ത്

ആലപ്പുഴ: സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയും സന്തോഷവുമായിരുന്നു ചെങ്ങന്നൂര്‍ നഗരസഭയിലെ ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം. ഇരുനൂറോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. സ്വപ്ന ഭവന സാക്ഷാത്കാരത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം തുടര്‍ ജീവിതത്തില്‍ ആവശ്യമായ വിവിധ സേവനങ്ങളും ഗുണഭോക്താക്കള്‍ക്കായി കുടുംബ സംഗമത്തിനൊപ്പം സംഘടിപ്പിച്ച അദാലത്തിൽ ഒരുക്കിയിരുന്നു. 18 വകുപ്പുകളുടെ സേവനമാണ് ലഭ്യമാക്കിയത്.

കുടുംബ സംഗമത്തോടൊപ്പം നടത്തിയ അദാലത്തില്‍ വിവിധ വകുപ്പുകളിലായി നിരവധി അപേക്ഷകളാണ് ലഭിച്ചത്. ലഭിച്ച അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറും. ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി- വര്‍ഗ്ഗ വികസനം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, വ്യവസായം, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളുടെ സേവനം ഗുണഭോക്താക്കള്‍ക്കായി ലഭ്യമാക്കി. ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ ജീവിതശൈലി രോഗങ്ങളുടെ പരിശോധനയും ഒരുക്കിയിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും, അനുകുല്യങ്ങളെ കുറിച്ചും ഗുണഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഗമത്തിന് സാധിച്ചു.

 

date