Skip to main content
പുതുതായി സ്ഥാപിച്ച കേളകം 33 Kv സബ് സ്റ്റേഷൻ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്നു

കേളകം സബ്സ്റ്റേഷന്‍ മന്ത്രി എം എം മണി നാടിന് സമര്‍പ്പിച്ചു

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ ചാണപാറയില്‍ പുതുതായി സ്ഥാപിച്ച കേളകം 33 കെ വി സബ്‌സ്റ്റേഷന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നാടിന് സമര്‍പ്പിച്ചു. കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, ആറളം,മുഴക്കുന്ന്, പേരാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വൈദ്യുത ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കേളകം 33 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂഗര്‍ഭ പവര്‍ കേബിള്‍ വഴിയാണ്  ഇവിടെ നിന്നും വൈദ്യുതി എത്തിക്കുന്നത്. ഇതുവഴി കാലാവസ്ഥാ ഭേദമന്യേ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനാവും.

  കേരളമൊട്ടാകെ ഘട്ടംഘട്ടമായി 400 കെ വി ലൈന്‍ സ്ഥാപിക്കുന്നതിന് വൈദ്യുത ബോര്‍ഡ് പദ്ധതിയിടുന്നതായി മന്ത്രി എം എം മണി  പറഞ്ഞു. 400 കെ വി  ലൈന്‍ സ്ഥാപിച്ചാല്‍ വിതരണ മേഖലയിലെ വൈദ്യുതി നഷ്ടം ഇല്ലാതാക്കാന്‍ സാധിക്കും. കണ്ണൂരിലെ മലയോര മേഖലകളിലെ വൈദ്യുത ക്ഷാമം, വോള്‍ട്ടേജ് പ്രതിസന്ധി എന്നിവ പരിഹരിക്കാന്‍ പുതിയ സബ്സ്റ്റേഷനുകള്‍ വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പഴശ്ശിയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വൈദ്യുത ക്ഷാമം പരിഹരിക്കാന്‍ സാധിക്കും. ഇനിയൊരു ജല വൈദ്യുത പദ്ധതി കേരളത്തില്‍ സാധ്യമല്ല. സൗരോര്‍ജ പദ്ധതിയ്ക്ക് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
നെടുംപൊയിലുള്ള 66 കെ വി സബ്സ്റ്റേഷനില്‍ നിന്നായിരുന്നു ഇതുവരെ പ്രദേശങ്ങളില്‍ വൈദ്യുതി ലഭിച്ചിരുന്നത്. അതിനാല്‍ വോള്‍ട്ടേജ് ക്ഷാമം  രൂക്ഷമായിരുന്നു. ഈ പദ്ധതി യാഥാര്‍ഥ്യമായതോടെ കോന്നിയൂര്‍,  മണത്തണ, കണിച്ചാര്‍, കേളകം, എളയാവൂര്‍, ആറളം, കാക്കയംപ്പാറ എന്നീ പ്രദേശങ്ങളില്‍ തടസമില്ലാതെ വൈദ്യുതി ലഭിക്കും.  ഒമ്പത് കോടി  രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.  അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. കെ എസ് ഇ ബി ട്രാന്‍സ്മിഷന്‍ നോര്‍ത്ത് കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ രാജന്‍  ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  സബ്സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് ആവശ്യമായ 50 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക സൊസൈറ്റിയെ ചടങ്ങില്‍ ആദരിച്ചു.
കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന,   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സെലിന്‍ മാണി (കണിച്ചാര്‍), മൈഥിലി രമണന്‍ (കേളകം), ജിജോ ജോയി (പേരാവൂര്‍),   ഇന്ദിര ശ്രീധരന്‍ (കൊട്ടിയൂര്‍) ,  കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജി മോഹനന്‍,  ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date