എല്ലാ ഒഴിവുകളും ഉടന്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണം: നിയമസഭാ സമിതി താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം പാലിക്കണം
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നിര്‍ദേശിച്ചു. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന സമിതി സിറ്റിങ്ങില്‍ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍, അംഗം കെ ഡി പ്രസേനന്‍ എന്നിവരാണ് ഈ നിര്‍ദേശം നല്‍കിയത്. എല്ലാ വകുപ്പുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് കാരണം അവസരം നിഷേധിക്കപ്പെടുകയാണ്. ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കാനാണ് പിഎസ്‌സി തീരുമാനം. ഈ സാഹചര്യത്തില്‍ നിലവിലുളള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയാകും. അതിനാല്‍ നിലവിലുള്ള എല്ലാ ഒഴിവുകളും എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമസഭാ സമിതി കര്‍ശന നിര്‍ദേശം നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും നേരിട്ടും താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ സംവരണ വ്യവസ്ഥ പാലിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. താല്‍ക്കാലിക നിയമനങ്ങളിലും സംവരണ വ്യവസ്ഥ പാലിക്കണമെന്ന് സമിതി നിര്‍ദേശിച്ചു.
നിരപരാധിയെ പ്രതിയാക്കി ജയിലില്‍ അടച്ചുവെന്ന പരാതിയില്‍ പൊലീസിനെതിരെ സ്വീകരിച്ച വകുപ്പുതല നടപടി പോരെന്നും കൂടുതല്‍ കര്‍ശനവും മാതൃകാപരവുമായ നടപടി വേണമെന്നും നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. പ്രതിയെന്ന് തെറ്റിദ്ധരിച്ച് കേസില്‍പ്പെടുത്തി 54 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതിന് കാരണക്കാരായ എസ്‌ഐക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് താജുദ്ദീന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് സമിതിയുടെ പരാമര്‍ശം. ഈ പരാതിയില്‍ വകുപ്പ് തല നടപടിയായി എസ്‌ഐയെ ലോക്കല്‍സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും മൂന്ന് ഇന്‍ക്രിമെന്റ് തടയുകയും ചെയ്തിരുന്നു. മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ തെളിവില്ലെന്ന് കണ്ട് നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഇത് മതിയായ ശിക്ഷയാണെന്ന് തോന്നുന്നില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതില്‍ പൊലീസ് കാണിച്ച അലംഭാവമാണ് നിരപരാധിയെ പ്രതിയാക്കുന്നതില്‍ എത്തിയതെന്ന് സമിതി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പൊലീസ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാനുഷിക പരിഗണന കാണിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിയമസഭാ സമിതി ചേര്‍ന്ന് ഇക്കാര്യം പരിശോധിച്ച് തുടര്‍ നടപടി സംബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന് പട്ടിക ജാതി ആനുകൂല്യം ലഭിക്കണമെന്ന ആവശ്യം നയപരമായ കാര്യമെന്ന നിലയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒബിസി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഒഇസി ആനുകൂല്യം ലഭ്യമാക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി. കൃത്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പല വിദ്യാലയങ്ങളിലും ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് സമിതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ സര്‍വ്വീസിലെ ജീവനക്കാരുടെ ജാതി, സമുദായം സംബന്ധിച്ച വിവര ശേഖരണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
- Log in to post comments