Skip to main content
കണ്ണൂര്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്തില്‍ നിന്ന്

ജില്ലയില്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളില്‍ സംഘട്ടനങ്ങള്‍ വര്‍ധിക്കുന്നു: പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍

സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയില്‍ ഭൂമിസംബന്ധമായ തര്‍ക്കങ്ങളില്‍ സംഘട്ടനങ്ങള്‍ വര്‍ധിക്കുന്നതായി പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി. മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴി തര്‍ക്കവും കൈയ്യേറ്റവുമാണ് കൂടുതലായും കമ്മീഷന്‍ മുമ്പാകെ എത്തുന്നത്. ഈ കേസുകളില്‍  സംഘട്ടനങ്ങളും പൊലീസ് കേസുകളും ഒക്കെ ആയാണ് കമ്മീഷന് മുന്നിലെത്തുന്നത്. സൗമ്യമായി പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ പോലും ഇത്തരത്തില്‍ അക്രമത്തിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരമാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ ഇത്തരം പ്രവണ കൂടുതലാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ലാന്റ് ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന കേസുകല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വ രുന്നതായി ചില പരാതികളില്‍ നിന്നും കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ രീതി ശരിയല്ല. അപേക്ഷകളില്‍ എത്രയും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ദേശീയ പാത എന്‍ എച്ച് എ വണ്‍ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി കോളനിവാസികളും പരാതിയുമായി കമ്മീഷന് മുന്‍പാകെയെത്തി. എംപി കെ സുധാകരനും വിഷയമുന്നയിച്ച് നേരിട്ട് സിറ്റിങ്ങിലെത്തിയിരുന്നു. ആദ്യ അലൈന്‍മെന്റില്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ പുതിയ അലൈന്‍മെന്റില്‍ പാതയില്‍ വരുത്തുന്ന വളവ് പ്രകാരം കോളനിയിലെ 150 ഓളം വീടുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കാണിച്ചാണ് പരാതി. പുതിയ സ്‌കെച്ച് പരിശോധിച്ചപ്പോള്‍ ഈ വളവ് കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അലൈന്‍മെന്റില്‍ പുനപരിശോധന സാധ്യത ആരാഞ്ഞ് കമ്മീഷന്‍ നേരിട്ട് ദേശീയ പാത അതോറിറ്റിക്ക് കത്തുനല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അദാലത്തിന് ശേഷം ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം തുരുത്തി കോളനി സന്ദര്‍ശിക്കുകയും ചെയ്തു.
അയല്‍വാസിയുടെ പറമ്പിലെ  മലിനജലം വീട്ടുപറമ്പിലേക്ക് ഒഴുകുന്നത് ചോദ്യം ചെയ്തതിന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എടുത്ത കേസ് വ്യാജമാണെന്ന് കാണിച്ചും കമ്മീഷന് മുന്‍പാകെ പരാതി ലഭിച്ചു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ആകെ 84 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. 68 പരാതികള്‍ തീര്‍പ്പാക്കി. ബാക്കി 16 പരാതികള്‍ തുടര്‍നടപടികള്‍ക്കായും അടുത്ത അദാലത്തിലേക്കും മാറ്റിവച്ചു.
കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി, കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. കമ്മീഷനൊപ്പം ജില്ലാ കല്കടര്‍ ടി വി സുഭാഷ്, എ ഡി എം ഇ പി മേഴ്‌സി എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.

date