Skip to main content
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്കുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

റോഡ് സുരക്ഷ ജീവന്‍ രക്ഷ: ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കി

31 ാമത് റോഡ് സുരക്ഷ വാരാചരണത്തോടനുബന്ധിച്ച്  ഡ്രൈവര്‍മാര്‍ക്കായി ഏകദിന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി പി ദിവ്യ ഉദ്ഘാടനം ചെയ്തു
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന ഒരു ജനത കൂടി കേരളത്തിലുണ്ടാകുന്നുണ്ട് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിപി ദിവ്യ പറഞ്ഞു. വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഭൂരിഭാഗവും യുവാക്കളാണ്. വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. വഴിയോരങ്ങളില്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റുകളുടെ വില്പന നിരോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റോഡുകളിലെത്തുമ്പോഴുള്ള നമ്മുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ബോധവല്‍ക്കരണ ക്ലാസ്സിനു നേതൃത്വം നല്‍കിയ  ജില്ലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  പി സുധാകരന്‍ പറഞ്ഞു.  റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ചിന്തിക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്  വാഹനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി. ഡിഫന്‍സീവ് ഡ്രൈവിങിനെക്കുറിച്ച്  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി പ്രവീണ്‍,  റോഡ് സുരക്ഷ ബോധവത്കരണ പരിപാടികളെക്കുറിച്ച്  നാറ്റ്പാക് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്  എസ് ഷഹീം എന്നിവര്‍ ക്ലാസ്സുകളെടുത്തു.   ഡിവൈ എസ് പി പി സദാനന്ദന്‍, നാറ്റ്പാക്  ടെക്‌നിക്കല്‍ ഓഫീസര്‍ വി ജി ശശി, ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി ,ജില്ലാപഞ്ചായത്ത് സെക്രട്ടറി  വി ചന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date