Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: 45 കേസുകള്‍ പരിഗണിച്ചു

വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പരിഗണിച്ചത് 45 കേസുകള്‍. ഇവയില്‍ 8 എണ്ണം തീര്‍പ്പാക്കി. 16 കേസുകളില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 21 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ. ഷാഹിദ കമാല്‍, ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പുതുതായി രണ്ട് പരാതികള്‍ ലഭിച്ചു. അടുത്ത അദാലത്ത് ഫെബ്രുവരി 18ന് നടക്കും.  
മാനസിക സമ്മര്‍ദ്ദവും ജോലിഭാരവുമൊക്കെ കുടുംബപ്രശ്‌നങ്ങളുടെ പ്രധാന കാരണമായി മാറുകയാണെന്നും  തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് ജീവിതത്തിലെ ഒറ്റപ്പെടല്‍ താങ്ങാനാകാതെ വരുമ്പോള്‍ ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പല പരാതികള്‍ക്കും കാരണമാകുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും നിയമ സംവിധാനങ്ങളെക്കുറിച്ച് അജ്ഞരാണെന്നും സ്ത്രീകളെ ഇത്തരം അവസ്ഥകളില്‍ നിന്നും മോചിപ്പിച്ച് അവര്‍ക്ക് ആത്മവിശ്വാസവും കരുത്തും വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.  തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ സമരം നടത്തിയവരെ മാനേജ്‌മെന്റ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍  കമ്മീഷന് മുമ്പാകെ അധ്യാപികമാരാണ് ഹാജരായത്. ഈ നടപടിയെ കമ്മീഷന്‍ വിമര്‍ശിച്ചു. കോളേജില്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് പതിനാറ് വര്‍ഷമായി തിരികെയെത്തിയിട്ടില്ലെന്ന ഭാര്യയുടെയും മകന്റെയും പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കേസ് സംബന്ധിച്ച യാഥാര്‍ഥ്യം എന്താണെന്ന് മനസിലാക്കുന്നതിനും അദ്ദേഹത്തെ നാട്ടില്‍ തിരികെയെത്തിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് കേസ് നോര്‍ക്ക റൂട്ട്‌സിന് കൈമാറാന്‍ തീരുമാനിച്ചു.
ചട്ടുകപ്പാറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കും  പിടിഎ പ്രസിഡണ്ടിനുമെതിരെ അധ്യാപകന്റെ ഭാര്യ നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു.  ഉദയഗിരി പഞ്ചായത്തിലെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസും അദാലത്തില്‍ പരിഗണിച്ചു. പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവ ആരംഭിക്കാന്‍ ഏറ്റെടുത്ത സ്ഥലത്തെ മുന്‍ താമസക്കാരാണ് പരാതിക്കാര്‍. ഇവര്‍ക്ക് ലൈഫ് മിഷന്‍ പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലുള്‍പ്പെടുത്തി വീട് ലഭ്യമാക്കാന്‍ കഴിയുമോയെന്ന കാര്യം പരിഗണിക്കുമെന്നും  കമ്മീഷന്‍ പറഞ്ഞു.  കുടുംബ പ്രശ്‌നം, സഹകരണ കോളേജിലെ ശമ്പളപ്രശ്‌നം, സ്വത്ത് തര്‍ക്കം, വഴി തര്‍ക്കം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷന്‍ മുമ്പാകെയെത്തി.

date