Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വാഹന വായ്പക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സല്‍ വാഹനങ്ങള്‍) ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.   കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രുപയില്‍ കവിയരുത്.  അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കണം. തുകയ്ക്ക് കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.  താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036.  

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് ജനുവരി 21 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കും.  കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.

എം പി ഫണ്ട് അവലോകന യോഗം
കെ കെ രാഗേഷ് എം പി യുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള അവലോകന  യോഗം ജനുവരി 28 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

യൂണിവേഴ്സിറ്റി ആന്റ്ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ 24ന്
യൂണിവേഴ്സിറ്റി ആന്റ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 24ന് തൃശ്ശൂര്‍ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ നടക്കും. ഈ ദിവസങ്ങളിലേക്ക് നിശ്ചയിച്ച കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006ന്റെ പരിധിയില്‍ വരുന്ന കേസുകളും യൂണിവേഴ്സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഫയലില്‍ സ്വീകരിക്കും.

'ഇന്ത്യ എന്ന റിപ്പബ്ലിക്'; കലാജാഥ 18 ന് കണ്ണൂരില്‍
സംസ്ഥാന സാക്ഷരതാ മിഷന്‍ ഭരണഘടന സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന 'ഇന്ത്യ എന്ന റിപ്പബ്ലിക്' കലാജാഥ ജനുവരി 18 ന് ജില്ലയിലെത്തും.  രാവിലെ 10.30 പയ്യന്നൂര്‍, വൈകിട്ട് നാല് മണി - കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്, ആറ് മണി - മുഴപ്പിലങ്ങാട് ബീച്ച്.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
നവംബറില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും മുന്‍വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി ഒന്ന് - ജനുവരി 23, കാറ്റഗറി രണ്ട് - 24, കാറ്റഗറി മൂന്ന്, നാല് - 25 തീയതികളില്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.  പരീക്ഷ പാസായവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.  മാര്‍ക്ക് ഇളവ് ലഭിച്ചവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.  ഫോണ്‍: 0497 2700167.

ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ -
വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി ഫുഡ് എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നു.  ജനുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂര്‍  ഗവര്‍മെന്റ് ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിക്കും.
 

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ (416/13) തസ്തികയിലേക്ക് 2016 നവംബര്‍ എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനാല്‍ 2019 നവംബര്‍ എട്ടു മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പുനര്‍ഗേഹം പദ്ധതി; ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
ഫിഷറീസ് വകുപ്പ് തീരദേശത്ത് 50 മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നതിലേക്കായി ആവിഷ്‌ക്കരിക്കുന്ന പുനര്‍ഗേഹം പദ്ധതിക്കായി നടത്തിയ 50 മീറ്റര്‍ സര്‍വ്വേയുടെ റീവെരിഫിക്കേഷന്‍ നടത്തി അന്തിമ ഗുണഭോക്തൃ പട്ടിക അതത് മത്സ്യഭവന്‍ ഓഫീസുകളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത പട്ടികയിന്മേല്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സെന്‍ട്രല്‍ ലൈബ്രറിയിലേക്ക് ബുക്ക് ട്രോളി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 30 ന്  രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ലോകായുക്ത സിറ്റിങ്ങ് മാറ്റി
ലോകായുക്ത ജനുവരി 21 ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിങ്ങ് ജനുവരി 22 ന് വൈകിട്ട് മൂന്ന് മണിയിലേക്ക് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.

വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍:
മന്ത്രിയുടെ നേതൃത്വത്തില്‍ 28 ന് അദാലത്ത്

വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ ജനുവരി 28ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ ബേങ്ക് ഓഡിറ്റോറിയത്തില്‍ അദാലത്ത് നടക്കും.
ഉല്‍പാദന, പ്രസരണ, വിതരണ മേഖലയിലെ സേവനങ്ങള്‍, വോള്‍ട്ടേജ് ക്ഷാമം, മരംമുറിക്കലുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര തുക, വൈദ്യുതി തടസ്സങ്ങള്‍, പുതിയ കണക്ഷന്‍, ലൈനും അനുബന്ധ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കല്‍, ബില്‍ തര്‍ക്കങ്ങള്‍, കുടിശ്ശിക തുടങ്ങി കെ എസ് ഇ ബി ലിമിറ്റഡുമായി ബന്ധപ്പെട്ട വ്യക്തിപരമോ പൊതു താല്‍പര്യ സംബന്ധിയായതോ ആയ ഏതു കാര്യവും അദാലത്തിന്റെ പരിഗണനക്കായി നല്‍കാവുന്നതാണ്. ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാമെന്ന് കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പരാതികളും നിര്‍ദേശങ്ങളും ജനുവരി 18 വരെ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും.
 

date