Skip to main content
66kvയിൽ നിന്നും 110 Kvയായി ഉയർത്തി നിർമാണം പൂർത്തീകരിച്ച നിടും പൊയിൽ സബ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

സൗരോര്‍ജ വൈദ്യുതിയിലൂടെ ഊര്‍ജരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി എം എം മണി

ജലവൈദ്യുത പദ്ധതികള്‍ക്ക് ഭാവിയില്‍ സാധ്യതകള്‍ കുറവായതിനാല്‍ സൗരോര്‍ജ്ജ പദ്ധതികള്‍ വിപുലപ്പെടുത്തി ഊര്‍ജ്ജ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന്  വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. 66 കെ വി യില്‍ നിന്നും 110 കെവി ആയി ഉയര്‍ത്തി നവീകരിച്ച നെടുംപൊയില്‍ സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തിന് ശേഷം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും വൈദ്യുതമേഖലയില്‍ വലിയ മുന്നേറ്റം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും  മന്ത്രി പറഞ്ഞു. 66 കെവിയില്‍ നിന്നും 110 കെവി ആയി
സബ്‌സ്റ്റേഷന്റെ പ്രസരണ വോള്‍ട്ടേജ് ഉയര്‍ത്തിയത് വഴി മലയോര മേഖലകളായ കോളക്കാട്, ചുങ്കക്കുന്ന്, അമ്പായത്തോട് എന്നീ പ്രദേശങ്ങളിലും കണ്ണവം ടൗണ്‍ മുതല്‍ കോളയാട് വരെയും പരിസര പഞ്ചായത്തുകളായ കാണിച്ചാര്‍, കോളയാട് എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സാധിക്കും. പദ്ധതിയുടെ ഭാഗമായി 66 കെ വി നെടുംപൊയില്‍  സബ്‌സ്റ്റേഷനിലെ രണ്ട് 6.3എംവിഎ ശേഷിയുള്ള 66/11 കെവി ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി പകരം 10 എംവിഎ ശേഷിയുള്ള 110/11 കെവി ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്. കൂത്തുപറമ്പ് 110 കെവി സബ്‌സ്റ്റേഷനില്‍ നിന്നും പുതിയതായി നിര്‍മ്മിച്ച 52 ടവറുകളിലൂടെ 19 കിലോമീറ്റര്‍  ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിച്ചാണ് നെടുംപൊയില്‍
സബ്‌സ്റ്റേഷനില്‍ വൈദ്യുതി പ്രസരണ ലൈന്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ മൂന്നര
കിലോമീറ്ററോളം ലൈന്‍ വനത്തിലൂടെ ആണ് കടന്ന് പോകുന്നത്. സബ്‌സ്റ്റേഷന്‍ നവീകരണത്തിനായി 13.18 കോടി രൂപയാണ് ചെലവായതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസന്ന, മെമ്പര്‍ ശ്രീജ പ്രദീപന്‍, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശങ്കരന്‍, കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍,  ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ എന്‍ വേണുഗോപാല്‍,
ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ്, ജില്ലാ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജി മോഹനന്‍, കെഎസ്ഇബി ജീവനക്കാര്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

date