Skip to main content
നിർമാണം പൂർത്തീകരിച്ച വലിയ വെളിച്ചം 110 കെ വി  സബ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

വലിയവെളിച്ചം 110 കെവി സബ്സ്റ്റേഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

വലിയവെളിച്ചം കെഎസ്‌ഐഡിസി വ്യവസായ വളര്‍ച്ച കേന്ദ്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 110 കെവി സബ് സ്റ്റേഷന്‍ വൈദ്യുതി മന്ത്രി എംഎം മണി നാടിന് സമര്‍പ്പിച്ചു. കെഎസ്‌ഐഡിസിയുടെ വ്യവസായികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയവെളിച്ചം, മാനന്തേരി, കൂത്തുപറമ്പ്, മൂര്യാട്, ചെറുവാഞ്ചേരി, പാട്യം, കണ്ണവം ചിറ്റാരിപ്പറമ്പ് പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായാണ് സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്. കൂത്തുപറമ്പ് വലിയവെളിച്ചം ലൈനിന്റെ 6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യഭാഗം 66 കെവിയില്‍ നിന്ന് 110 കെവിയായി ശേഷി വര്‍ധിപ്പിച്ചും, ശേഷം 2.5 കിലോമീറ്റര്‍ 110 കെവി ഡബിള്‍ സെര്‍ക്യൂട്ട് ലൈന്‍ പുതുതായി നിര്‍മ്മിച്ചുമാണ് സബ്‌സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ചത്.
വലിയവെളിച്ചം, മാനന്തേരി, കൂത്തുപറമ്പ്, ചെറുവാഞ്ചേരി,  പാട്യം, കണ്ണവം, ചിറ്റാരിപ്പറമ്പ് എന്നീ പ്രദേശങ്ങളിലുള്ള അമ്പതിനായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ 2 ഏക്കര്‍ സ്ഥലവും 10 കോടി 7 ലക്ഷം രൂപയും കെഎസ്‌ഐഡിസിയാണ് നല്‍കിയത്. സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി 68 ലക്ഷം രൂപ ചിലവഴിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ചന്ദ്രന്‍,  ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി ശോഭ,  പാട്യം ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് പി ശ്രീലത, കെഎസ്ഇബി ഡയറക്ടര്‍ ഡോ.  വി ശിവദാസന്‍, ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ്, എസ്‌ഐഡിസി എജിഎം ജോസ് കുര്യന്‍ മുണ്ടയ്ക്കല്‍, കെഎസ്ഇബി ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

date