സംസ്ഥാന ഗണിതോത്സവത്തിന് കുമരകത്ത് തുടക്കം---- പാട്ടിന്റെ താളത്തില്‍ കണക്ക് പഠിപ്പിച്ച് മന്ത്രി രവീന്ദ്രനാഥ്
താളത്തിലൂടെ കണക്ക് പഠിക്കാനാകുമെന്ന് തെളിയിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പാട്ടു പാടി. മോഹവീണ തന് തന്ത്രിയിലൊരു രാഗം കൂടിയുണര്ന്നെങ്കില് ٹഎന്ന പാട്ടിന് സദസ് താളം പിടിച്ചു. തന്നെ സ്വീകരിക്കാന്‍ ഒരുക്കിയ ചെണ്ടമേളത്തിന്റെ അഞ്ച് കാലങ്ങളും ഗണിതവുമായി ബന്ധിപ്പിച്ച് അദ്ദേഹം വിശദീകരിച്ചു. കുമരകം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗണിതോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
കണക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയമാണെന്നാണ് വിദ്യാര്‍ഥികളുടെയും പൊതു സമൂഹത്തിന്റെയും ധാരണ. സര്‍വ്വ മേഖലയുടെയും അകകാമ്പാണ് ഗണിതം. ഗണിത ശാസ്ത്രത്തിന് പ്രാധാന്യമേറെയുള്ള കാലത്തിലൂടെയാണ് കേരളത്തിലെ അടുത്ത തലമുറ കടന്നു പോകേണ്ടത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കി ഗണിത പഠനം രസകരവും എളുപ്പവുമാക്കുന്നതിനാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്. അന്ധവിശ്വാസത്തില്‍ അകപ്പെടാതെ യുക്തി സഹജമായി ചിന്തിക്കുന്നതിനും ശാസ്ത്രബോധവമുള്ളവരാകുന്നതിനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷ കേരളം, കെ.ഡെസ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്. തുടക്കത്തില്‍ 1500 കേന്ദ്രങ്ങളില്‍ ജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഗണിതോത്സവം അടുത്ത വര്‍ഷം എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി സഹായത്തോടെ മൂന്ന് കോടി രൂപ വിനിയോഗിച്ച് സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷ കേരളം ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന് പദ്ധതി വിശദീകരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, പി.ടി.എ പ്രസിഡന്റ് ഫിലിപ്പ് സ്ക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments