സർട്ടിഫിക്കറ്റുകൾ അഭിമുഖങ്ങൾക്കുള്ള ഹാൾ ടിക്കറ്റുകൾ മാത്രം: മന്ത്രി കെ ടി ജലീൽ
സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോള്‍ടിക്കറ്റിന്റെ വില മാത്രം കല്‍പ്പിക്കുന്ന ഒരു കാലമാണ് വരാൻ പോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീല്‍.
പയ്യന്നൂര്‍ ഗവ: റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്റ്റാഫ് കോട്ടേഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റർവ്യുവിലേക്കുള്ള ഒരു ഹോൾട്ടിക്കറ്റ് മാത്രമായി മാറുകയാണ്. ഇന്റര്‍വ്യൂകളില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി ലഭിക്കില്ലെന്നും നൈപുണ്യവികസനം ആണ് നേടിയെടുക്കേണ്ടതെന്നും കെ ടി ജലീല്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയില്‍ ഇക്കൊല്ലം ക്ലാസുകള്‍ ആരംഭിക്കും. ഒന്നാം ക്ലാസ്സും പ്ലസ് വണ്‍ ക്ലാസും പിജി ക്ലാസും ലോ കോളേജുമുള്‍പ്പെടെ ജൂണ്‍ ഒന്നാം തീയതി തന്നെ ആരംഭിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ കേവലം സാങ്കേതികവും മറ്റുതരത്തിലുള്ളതുമായ അറിവുകൾ അഭ്യസിച്ചാൽ മാത്രം പോര. അവർ മാനവികതയും മനുഷത്വവും ഉയർത്തിപ്പിടിക്കുന്നവരാകണം. നാടിന്റെ പരിഛേദങ്ങളെ പരിചയപ്പെടുത്തുന്നതാണ് പൊതുവിദ്യാലയങ്ങൾ. എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഒത്തുചേരൽ നടക്കുന്ന ഇടം. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളാവണം രാജ്യത്തെ വിഭാഗീയതകൾക്കെതിരെ ശബ്ദമുയർത്തേണ്ടത്. ബഹുസ്വരതയെപ്പറ്റി ലോകത്തെ പഠിപ്പിച്ച രാജ്യമാണ് നമ്മുടെത്. പക്ഷെ ഇന്ന് ഇതിൽ നിന്നും പിന്തിരിഞ്ഞ് നടക്കാനാണ് നാം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചത്. കേരളത്തില്‍ റെസിഡന്‍ഷ്യല്‍ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക പോളിടെക്‌നിക്കായ പയ്യന്നൂര്‍ ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കോളേജ് വികസന സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ പി മധു ചടങ്ങില്‍ വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.
പരിപാടിയില്‍ സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായി. പയ്യന്നൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ബാലന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി കുഞ്ഞപ്പന്‍, രാഘവന്‍ കടാങ്കോട്, പി പി ലീല, എം രാമകൃഷ്ണന്‍, കെ പി ഇസ്മായില്‍, പങ്കജാക്ഷന്‍, ശിശിര, കെ.എം ചന്തുക്കുട്ടി, സി.നാരായണന്‍, പി വി രവീന്ദ്രന്‍ ,പി ഭാസ്‌കരന്‍ ഷിന്റോ സെബാസ്റ്റ്യന്‍, കെ പി മുഹമ്മദ് ഷെരീഫ്, ഷൈല യു എസ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments