എസ്എസ്എല്‍സി: പരീക്ഷാ പേടിയകറ്റാന്‍ പ്രത്യേക കൗണ്‍സലിങ്ങുമായി ജില്ലാ പഞ്ചായത്ത്
ജില്ലയിലെ സ്കൂളുകളില്‍ പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബി പോസിറ്റീവ് പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരീക്ഷാ പേടി മാറ്റാന്‍ പ്രത്യേക കൗണ്‍സലിംഗ് നല്കാന് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പരീക്ഷകളെ കുറിച്ചുള്ള അനാവശ്യഭീതി ഇല്ലാതാക്കി ആത്മവിശ്വാസത്തോടെ അവയെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് കൗണ്‍സലിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.
ഇതിനായി സ്കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കും. പ്ലസ്ടു, എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ബി പോസിറ്റീവ് പദ്ധതി വന്‍ വിജയമാണെന്ന് യോഗം വിലയിരുത്തി. സ്കൂളുകളുടെ വിജയശതമാനം നൂറുശതമാനമാക്കുകയും എല്ലാ പരീക്ഷകളിലും ബി പ്ലസ്സില്‍ കുറയാത്ത ഗ്രേഡ് നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ നടന്ന പ്രത്യേക പരിശീലന പരിപാടികളും കൗണ്‍സലിംഗ് സെഷനുകളും വിദ്യാര്‍ഥികളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതായാണ് അനുഭവമെന്നും കെ വി സുമേഷ് പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. ഇതോടൊപ്പം ജനുവരി 30ന് മുമ്പായി എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളും തങ്ങളുടെ പരിധിയിലുള്ള സ്കൂളുകള്‍ സന്ദര്‍ശിച്ച് അധികൃതരുമായി പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2020-21 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി ഓരോ മേഖലയില്‍ നിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ജനുവരി 25ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ സ്റ്റേക്ക്ഹോള്‍ഡേഴ്സ് യോഗം സംഘടിപ്പിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പുതിയ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട റോഡുകളുടെ പട്ടികയും ആവശ്യമായ എസ്റ്റിമേറ്റും ജനുവരി 30നു മുമ്പായി സമര്‍പ്പിക്കാനും യോഗം അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഒരു പഞ്ചായത്തില്‍ നിന്ന് രണ്ട് റോഡുകള്‍ എന്ന രീതിയിലാണ് പട്ടിക സമര്‍പ്പിക്കേണ്ടത്. പ്രളയ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തികള്‍ നടത്തുന്ന ഗ്രാമീണ റോഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, സെക്രട്ടറി വി ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments