പ്ലാസ്റ്റിക് നിരോധനം: പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. പ്ലാസ്റ്റിക് നിരോധനം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കും നഗരസഭകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കുമായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളില്‍ വിപണിയില്‍ ബദല്‍ ലഭ്യമായവയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ച് പരിശോധന നടത്താനും ബദല്‍ ലഭ്യമല്ലാത്ത ഉല്പന്നങ്ങളില് സാവകാശം നല്‍കാനും കെ വി സുമേഷ് നിര്‍ദേശം നല്കി.
പ്ലാസ്റ്റിക് നിരോധനത്തിന്റെ കാര്യത്തില്‍ 2017ല്‍ തന്നെ ഏറെ മുന്നോട്ടുപോയ ജില്ലയാണ് കണ്ണൂര്‍. ജില്ലയില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനതലത്തില്‍ പ്ലാസ്റ്റിക് നിരോധനം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ജില്ലയ്ക്ക് ഇനി പിറകോട്ടുപോവാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ അധ്യക്ഷനായി. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ് ക്ലാസെടുത്തു. ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ ആര് അജയകുമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എം അനിത എന്നിവര്‍ സംസാരിച്ചു. 65 ഓളം ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments