Skip to main content

പള്‍സ് പോളിയോ പ്രതിരോധ പരിപാടി ഞായറാഴ്ച 188,211 കുട്ടികള്‍ക്ക് പ്രതിരോധ തുള്ളിമരുന്ന് നല്‍കും

പോളിയോ രോഗാണു സംക്രമണം തടയുന്നതിനുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 19ന്  കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. അഞ്ച് വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളി മരുന്ന് നല്‍കി രോഗാണു സംക്രമണം തടയുകയാണ് ലക്ഷ്യം.
2014 ല്‍ ഇന്ത്യ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പട്ടിട്ടുണ്ടെങ്കിലും അയല്‍രാജ്യങ്ങളായ പാകിസ്താനിലും അഫ്ഗാനിസ്താനിലും പോളിയോ ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് വീണ്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.  കേരളത്തിലെ വര്‍ധിച്ച ജനസാന്ദ്രതയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുന്നവരുടെയും കേരളത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണത്തിലുള്ള വര്‍ധനവും ഇതിന് കാരണമാണ്.
നേരത്തേ പോളിയോ തുള്ളിമരുന്ന് നല്‍കിയ കുട്ടികള്‍ക്കും ക്യാമ്പയിന്റെ ഭാഗമായി മരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക്  അറിയിച്ചു. പോളിയോ വാക്സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല. ദേശീയ പള്‍സ് പോളിയോ ദിനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ നവജാത ശിശുക്കള്‍ക്കും പള്‍സ് പോളിയോ വാക്സിന്‍ നല്‍കണം. ഇത് തീര്‍ത്തും സുരക്ഷിതമാണെന്നും പോളിയോ പ്രതിരോധ തുള്ളിമരുന്നിനെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ ചെറിയൊരു വിഭാഗം ഇന്നും പോളിയോ തുള്ളി മരുന്നിനെതിരാണെന്നും ഇതി സംബന്ധിച്ച പല  തെറ്റിദ്ധാരണകളും ബോധവത്കരണത്തിലൂടെ മാറ്റാനായിട്ടുണ്ടെന്നും ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി പറഞ്ഞു. വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കി.
ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 1,86,795 കുട്ടികള്‍ക്കും അതിഥി തൊഴിലാളികളുടെ  1416 കുട്ടികള്‍ക്കും തുള്ളിമരുന്ന് വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ജില്ലയില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, സിഎച്ച്സികള്‍, പിഎച്ച്സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 1901 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്  ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും തുള്ളിമരുന്ന് വിതരണത്തില്‍ പങ്കാളികളാകും. യാത്രക്കാരെ പരിഗണിച്ച് എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 54 ട്രാന്‍സിറ്റ് ബൂത്തുകളും 112 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റികള്‍ക്കുമായി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് തുള്ളിമരുന്ന് നല്‍കുക. പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളി മരുന്ന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും.
പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ  നാരായണ നായ്ക്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി, ഐഎപി കണ്ണൂര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഇര്‍ഷാദ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ് എന്നിവര്‍ പങ്കെടുത്തു.

date