ബീച്ച് വോളിയുടെ ആരവങ്ങളിലേക്ക് കണ്ണൂര്‍: സംസ്ഥാന ബീച്ച് ഗെയിംസിന് ഫെബ്രുവരി ഒന്നിന് തുടക്കം
സംസ്ഥാന ബീച്ച് ഗെയിംസ് മത്സരങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് കണ്ണൂരില്‍ തുടക്കമാകും. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ പയ്യാമ്പലത്ത് നടക്കുന്ന വോളി മത്സരങ്ങളോടെയാണ് സംസ്ഥാനതല മത്സരങ്ങള്‍ക്ക് തുടക്കമാകുക. വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് പരിപാടി ഉദ്ഘാടനം ചെയ്യും. നാല് ഗെയിമുകളിലായി 10 വിഭാഗങ്ങളില്‍ മത്സരം നടക്കും. വോളി മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ആതിഥ്യമരുളുമ്പോള്‍, കബഡി മത്സരങ്ങള്‍ ആലപ്പുഴയിലും കമ്പവലി, ഫുട്ബോള്‍ മത്സരങ്ങള്‍ യഥാക്രമം കോഴിക്കോടും തിരുവനന്തപുരത്തും നടക്കും.
സംസ്ഥാന വോളി മത്സരങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയായും ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനായും 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇതിന് പുറമെ ഏഴ് സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്കി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ് അധ്യക്ഷനായി.
രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ബീച്ച് വോളി മത്സരത്തില്‍ 450 ഓളം കായിക താരങ്ങള്‍ പയ്യാമ്പലത്തെത്തും. പുരുഷ- വനിതാ വിഭാഗങ്ങളിലായി 28 ഓളം ടീമുകള്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഭാഗമായി ഫുഡ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. വലിയ ജനപങ്കാളിത്തത്തോടെ ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ഒ കെ വിനീഷ് പറഞ്ഞു. സംസ്ഥാനതല മത്സരങ്ങളിലും പരമാവധി ആളുകളെ പങ്കെടുപ്പിച്ച് ഉത്സവാന്തരീക്ഷത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ശ്രമിക്കണമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷും അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രന് മാസ്റ്റര്‍, പയ്യാമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഒ രാധ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments