Skip to main content

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജനുവരി 19 ന് ജില്ലയിൽ 2,03,803 കുട്ടികൾക്ക് വാക്സിൻ നൽകും

 

2020ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 2,03,803 കുട്ടികൾക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നൽകും.  
1988 ൽ ലോകത്താകെ 125 രാജ്യങ്ങളിൽ നിന്നായി 3,50,000 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകാരോഗ്യ സംഘടന, യൂണിസെഫ് , റോട്ടറി ഫൌണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പോളിയോ എൻഡമിക് ആയി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 125 ൽ നിന്നും 2019 -ൽ അത് 3 രാജ്യങ്ങളായി ചുരുങ്ങി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് 2019 ൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ.

1995 മുതൽ നടത്തപ്പെടുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഫലമായി 2014 മാർച്ച് 27 ന് ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്ന 3 രാജ്യങ്ങളിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ഒഴിച്ചുള്ളവ നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനുമാണ് എന്നതിനാൽ, നാം കൈവരിച്ച നേട്ടം നിലനിർത്തുന്നതിനും, പോളിയോ രോഗത്തെ ലോകത്ത് നിന്നും തന്നെ നിർമാർജ്ജനം ചെയ്യുന്നതിനും, ഏതാനും വർഷങ്ങൾ കൂടി  ഈ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്.  രോഗാണു നിരീക്ഷണ പരിപാടി (AFP Surveillance) യുടെ ഭാഗമായി പോളിയോ രോഗാണു രാജ്യത്ത് തിരികെയെത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും നാം മതിയായ മുൻകരുതലുകൾ സ്വീകരിച്ചേ തീരൂ, പ്രത്യേകിച്ച്, വിവിധ രാജ്യങ്ങളുമായി വിശാലമായ രാജ്യാന്തര അതിർത്തി പങ്കിടുന്നതിനാൽ. 2011 ലാണ് ഇന്ത്യയിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കേരളത്തിൽ 2000 ൽ ആണ്  അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉയർന്ന ജനസാന്ദ്രത, നഗര ചേരിപ്രദേശങ്ങളുടെയും, നാടോടി വിഭാഗങ്ങളുടെയും സാന്നിദ്ധ്യം, തദ്ദേശീയവും, അന്തർദേശീയവുമായ കുടിയേറ്റങ്ങൾ, പ്രതിരോധ കുത്തിവെപ്പുകളോടുള്ള ചില ജനവിഭാഗങ്ങളുടെ വിമുഖത മുതലായവ കേരളത്തിന്റെ പോളിയോ അപകട സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഈ വർഷം ജില്ലയിലെ 5  വയസ്സിൽ താഴെയുള്ള 2,03,803 കുട്ടികൾക്കാണ് പൾസ്‌ പോളിയോ ദിനത്തിൽ പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി ജില്ലയിൽ 1979  പൾസ് പോളിയോ ബൂത്തുകളും സജ്ജീകരിക്കുന്നതാണ്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സബ്സെന്ററുകൾ എന്നിവിടങ്ങളിലാണ് പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക. കൂടാതെ  ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ   സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട്, തുടങ്ങി ആളുകൾ വന്നു പോയികൊണ്ടിരിക്കുന്ന 50 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ആളുകൾക്ക് വന്നെത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും,  കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 50  മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്..  ബൂത്തുകളിൽ സേവനം അനുഷ്ഠിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, എൻ.സി.സി. വോളന്റീയർമാർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകി നിയോഗിക്കുന്നതാണ്. തുള്ളിമരുന്ന് നൽകിയതിന് ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലിൽ മാർക്കർ പേന ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ്.  പരിപാടിയുടെ നടത്തിപ്പിനാവശ്യമായ തുള്ളിമരുന്ന്, പ്രചരണസാമഗ്രികൾ എന്നിവ വിതരണം ചെയ്തു വരുന്നു .

ഈ പരിപാടി വിജയിപ്പിക്കുന്നതിന് അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് ഒരു ഡോസ് തുള്ളിമരുന്ന് നൽകണം. യാത്ര പോകുന്നവരുടെ സൗകര്യാർത്ഥം എല്ലാ ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബോട്ട് ജെട്ടികളിലും, മെട്രോസ്റ്റേഷനുകളിലും പോളിയോ ബൂത്ത് ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ 19 ന്  തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി വാക്സിൻ നൽകുന്നതായിരിക്കും. 

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ - ജില്ലാതല ഉദ്ഘാടനം 
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 19 ന് രാവിലെ 8 മണിക്ക് അങ്കമാലി താലൂക്ക്  ആശുപത്രിയിൽ വെച്ച് ബഹു എം.എൽ.എ ശ്രീ റോജി എം ജോൺ  അവർകൾ നിർവഹിക്കുന്നതാണ്. ചടങ്ങിൽ ബഹു അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എം എ ഗ്രേസി  അദ്ധ്യക്ഷത വഹിക്കും. 

date