Skip to main content

റേഷന്‍ കാര്‍ഡ് : അനര്‍ഹര്‍ ഒഴിവാകണം

 

 

 

 

കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീടുതലത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായവര്‍ മുന്‍ഗണനാ/ഏ ഏ.വൈ/കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്്.  

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ), കുടുംബത്തിന് പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ക്ക് മുന്‍ഗണനാ / എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

 

സമൂഹത്തില്‍ താഴെ തട്ടിലുള്ള നിരാലംബര്‍ക്കും  ആദിവാസികള്‍ക്കും പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും മറ്റ് വരുമാന മാര്‍ഗ്ഗമില്ലാത്ത കാന്‍സര്‍, കിഡ്‌നി തുടങ്ങിയ ഗുരുതര അസുഖ ബാധിതര്‍ക്കും നിരാലംബയായ സ്ത്രീ വരുമാന സ്രോതസ്സായിട്ടുള്ളവര്‍ക്കും മാത്രമാണ് ഏ ഏ വൈ കാര്‍ഡിന് അര്‍ഹത. ഈ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ പിഴയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളും വിലയും മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിലേക്ക് അടവാക്കുന്നത്. അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുകള്‍ ഓഫീസില്‍ തിരിച്ചേല്‍പിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി പരാതികള്‍ വ്യാപകമായി ശ്രദ്ധയില്‍ പെട്ടിട്ടുളളതിനാല്‍ ഒരു മാസത്തിനകം ഇത്തരം കാര്‍ഡുകള്‍ തിരിച്ചേല്‍പിച്ചിട്ടില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാവുമെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

പ്രോസിക്യൂഷന്‍ നടപടികള്‍ റേഷന്‍ കാര്‍ഡുടമയെ മാത്രമല്ല അംഗങ്ങളേയും ബാധിക്കുമെന്നതിനാല്‍ വിദേശത്ത് നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ  ജോലിക്കാര്‍ അംഗങ്ങളായുള്ള കാര്‍ഡുകള്‍, ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ സ്വന്തം മാതാപിതാക്കളുടെ പേരില്‍ സമ്പാദിച്ച മുന്‍ഗണനാ കാര്‍ഡുകള്‍ തുടങ്ങിയവ ഒരു മാസത്തിനകം ഓഫീസില്‍ തിരിച്ചേല്‍പിച്ച് തുകയടച്ച് തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പെടുന്ന സബ്‌സിഡി (നീല) കാര്‍ഡുകള്‍ക്കും ഈ അറിയിപ്പ് ബാധകമാണ്.  

 

date