റിപ്പബ്ലിക്ക്ദിന ശുചീകരണ പരിപാടിയുമായി ജില്ലാ ഭരണകൂടം
കാക്കനാട് - റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജനുവരി 25ന് പാതയോരത്തെ മാലിന്യനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയുമായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശങ്ങളിലെ പ്രധാന പാതയോരങ്ങളാണ് വൃത്തിയാക്കുക. ദേശീയ, സംസ്ഥാന പാതകള്‍ കടന്നു പോകുന്ന 34 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളും കൊച്ചി കോര്‍പ്പറേഷനും പദ്ധതിയില്‍ പങ്കാളികളാകും. മാലിന്യങ്ങള്‍ താല്‍ക്കാലിക സംവിധാനമൊരുക്കി തരംതിരിക്കുകയും പരമാവധി പുനചക്രമണത്തിന് വിധേയമാക്കുകയും, അതിന് സാധിക്കാത്തവ ശാസ്ത്രീയനിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്.
ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ചെയ്യുന്നതിനും പുന:ചംക്രമണം ചെയ്യാവുന്നവ തദ്ദേശസ്ഥാപനങ്ങളുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ സൂക്ഷിച്ച് തുടര്‍ന്ന് കൈമാറുന്നതിനും, പുന:ചംക്രമണ സാധ്യതയില്ലാത്തവ ക്ലീന്‍ കേരള കമ്പനി മുഖേന കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കൈമാറുന്നതിനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ജില്ലാ ഭരണകൂടവും, ശുചിത്വമിഷനും, ഹരിതകേരളം മിഷനും, കുടുംബശ്രീയും, ക്ലീന്‍ കേരള കമ്പനിയും, സര്‍ക്കാര്‍ വകുപ്പുകളും കൈകോര്‍ക്കും.
ശുചീകരിച്ച പാതയോരങ്ങള്‍ വൃത്തിയായി സംരക്ഷിക്കേണ്ടത് ഒരോരുത്തരുടെയും കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഓര്‍മിപ്പിച്ചു
- Log in to post comments