Skip to main content

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് കുടുംബ സംഗമം ശ്രദ്ധേയമായി

 

കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തൃപ്പൂണിത്തുറ എംഎൽഎ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷം ഭവനരഹിതർക്ക് വീടു പൂർത്തിയാക്കി നൽകിയത് സർവ്വകാല റെക്കോഡാണെന്ന് എംഎൽഎ പറഞ്ഞു. വീട് ലഭിച്ചതിന് ശേഷം അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ, പെൻഷനുകൾ, സ്വയംതൊഴിൽ വായ്പകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനും അപേക്ഷകൾ സമർപ്പിക്കാനും ഇതോടൊപ്പം നടത്തുന്ന അദാലത്ത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിന് ലഭിച്ച ആദ്യ അപേക്ഷ എംഎൽഎ സ്വീകരിച്ചു. കൊച്ചി എംഎൽഎ കെ.ജെ മാക്സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലെ 233 ഭവനരഹിതർക്ക് പുതിയ വീടിനായുള്ള എഗ്രിമെന്റ് നൽകുകയും അതിൽ 206 വീടുകൾ ചെറിയ കാലയളവിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു.  
ബ്ലോക്കിൽ ലൈഫ് പദ്ധതിയുടെ മികച്ച വിജയത്തിന് വേണ്ടി പ്രയത്നിച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരെ പരിപാടിയിൽ മൊമെന്റോ നൽകി ആദരിച്ചു. 

കുടുംബസംഗമവുമായി ബന്ധപ്പെട്ട് നടന്ന അദാലത്തിൽ വിവിധ വകുപ്പുകളിലെ സ്റ്റാളുകൾ പ്രവർത്തിച്ചു. കെഎസ്ഇബി, ജല അതോറിറ്റി, കുടുംബശ്രീ, അക്ഷയ, കൃഷി വകുപ്പ് തുടങ്ങിയവയുടെയെല്ലാം സ്റ്റാളുകൾ ജനങ്ങളുടെ പരാതികൾക്ക് പരിഹാരങ്ങൾ നൽകി. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയിലെ തിരുത്തലുകൾ, പുതിയ കുടിവെള്ള കണക്ഷൻ എന്നിവയ്ക്കെല്ലാം ഗുണഭോക്താക്കൾക്ക് അദാലത്തിലൂടെ  സേവനങ്ങൾ ലഭിച്ചു. കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ആര്യവേപ്പ്, കറിവേപ്പ് എന്നിവയുടെ തൈകൾ സൗജന്യമായി നൽകി.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജോർജ്, വൈസ് പ്രസിഡന്റ് ഷൈലജ രാധാകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സജീവ് ആന്റണി, പുഷ്പി പൊന്നൻ, ലിസി നെൽസൺ, ബ്ലോക്ക് പഞ്ചായത്ത അംഗം ദിവ്യ മിഥുൻ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, എ ഡി സി (ജനറൽ) ശ്യാമലക്ഷ്മി എസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
 

date