Skip to main content

വിയ്യൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പ് ജില്ലയിലെ തന്നെ ഏറ്റവും വലിയ പമ്പാകും: മന്ത്രി വി എസ് സുനിൽകുമാർ

വിയ്യൂർ സെൻട്രൽ ജയിൽ പമ്പ് ജില്ലയിലെത്തന്നെ ഏറ്റവും വലിയ പമ്പാകുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ. വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കാൻ പോകുന്ന പെട്രോൾ പമ്പിന്റ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജയിലിൽ ഒരു പെട്രോൾ പമ്പ് എന്നത് ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ്. പമ്പിനോട് ചേർന്ന് കഫെറ്റേരിയ, വിശ്രമ സ്ഥലം, ടോയ്ലറ്റുകൾ, സ്റ്റേഷനറി കടകൾ എന്നിവയും ഒരുക്കും. സമയബന്ധിതമായി 3 മാസക്കാലം കൊണ്ട് തന്നെ പണി പൂർത്തീകരിച്ച് ഉദ്ഘാടനവും നടത്തുമെന്നും മന്ത്രി പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിനോട് അനുബന്ധിച്ച് തൃശൂർ-ഷൊർണൂർ സംസ്ഥാന പാതക്ക് വലതുവശത്തായി 0.1255 ഹെക്ടർ ഭൂമിയിലാണ് പെട്രോൾ പമ്പ് യാഥാർഥ്യമാകുന്നത്. ഐഒസി പമ്പ് നിർമ്മിക്കുകയും അവിടെ വിൽപന നടത്തുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഡീലർഷിപ്പ് ജയിൽ വകുപ്പിന് നൽകുകയും ചെയ്യും. ജയിൽ ശിക്ഷയിൽ കഴിയുന്ന നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന തടവുകാരെ ഇവിടെ ജോലിക്കായി നിയോഗിക്കും. ചടങ്ങിൽ കോർപ്പറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്, ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ് കുമാർ, കൗൺസിലർ വി കെ സുരേഷ് കുമാർ, മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യൻ, ഐ ഒ സി കേരള ചീഫ് ജനറൽ മാനേജർ വി സി അശോകൻ, റീറ്റെയ്ൽ സെയിൽസ് ജനറൽ മാനേജർ നവീൻ ചരൺ, നബാർഡ് എ ജി എം ദീപ എസ് പിള്ള, വിയ്യൂർ അതീവ സുരക്ഷ ജയിൽ സൂപ്രണ്ട് എ ജി സുരേഷ്, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മലാനന്ദൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

date