Skip to main content

അങ്കണവാടി ജീവനക്കാർ നടത്തുന്ന സർവ്വേയോട് സഹകരിക്കണം

അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള കുടുംബ സർവ്വേയോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. സർവ്വേയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽ ആശങ്കകളും തെറ്റിദ്ധാരണകളും പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. എഡിഎം റെജി പി ജോസഫ് അദ്ധ്യക്ഷനായി.
അങ്കണവാടി ജീവനക്കാർ വീടുകളിലെത്തി പ്രത്യേക സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
അങ്കണവാടി വർക്കർമാർ നടത്തുന്ന കുടുംബ സർവ്വേയിൽ കൃത്യമായ വിവരങ്ങൾ നൽകണം. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതുമായി ഈ സർവേയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ വനിതാശിശുവികസന ഓഫീസർ സുരക്ഷണ എസ്, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date