ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ദേശീയ ബാലസേവികാ ദിനാചരണം : സംസ്ഥാന തല ഉദ്ഘാടനം 24 ന് തൃശൂരിൽ
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ദേശീയ ബാലസേവികാ ദിനാചരണത്തോടനുബന്ധിച്ച് 20 മുതൽ 26 വരെ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജനുവരി 24 ന് ദേശീയ ബാലസേവികാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തല ബാലസേവികാ ദിനാചരണം തൃശൂരിൽ സംഘടിപ്പിക്കും. 20 ന് ജില്ലാ - ബ്ലോക്ക് തലത്തിൽ ടാസ്‌ക് ഫോഴ്സ് യോഗം ചേരും. 21 ന് ജില്ലയിലെ വിവിധയിടങ്ങളിൽ പ്രഭാതഭേരി, റാലി എന്നിവയും അങ്കണവാടി, ആശാവർക്കർമാരുടെ ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും. 22 ന് വിവിധ സ്ഥലങ്ങളിൽ ചിത്രരചന മത്സരങ്ങൾ, 23 ന് പ്രാദേശിക തലത്തിൽ കമ്മ്യൂണിറ്റി മീറ്റിങ് എന്നിവ നടത്തും.
24 ന് ദേശീയ ബാലസേവികാ ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 9 ന് വടക്കേ സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന കുട്ടികളുടെ റാലി പാലസ് റോഡ് വഴി ടൗൺഹാളിൽ സമാപിക്കും. തുടർന്ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. മന്ത്രിമാർ, എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട പെൺ സൗഹൃദ സ്‌കൂൾ, പെൺ സൗഹൃദ പഞ്ചായത്ത് എന്നിവയ്ക്ക് പുരസ്‌കാരവും ഇതോടൊപ്പം നൽകും. 11 മുതൽ ശൈശവ വിവാഹവും കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ ക്ലാസ് ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടുമുതൽ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് 5 ന് തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുരനടയിൽ വിദ്യാർത്ഥിനികളുടെ ഫ്ളാഷ് മോബ് നടക്കും.
25 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ഐ സി ഡി എസിന്റെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ സംബന്ധിച്ച പ്രത്യേക ഗ്രാമസഭ ചേരും. പരിപാടികളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ റോഡ് ഷോകൾ, എക്സിബിഷൻ, കുടുംബശ്രീയുടെ നേതൃത്വത്തിൽ തെരുവുനാടകങ്ങൾ എന്നിവയും അരങ്ങേറും. ജനുവരി 20 മുതൽ ജില്ലയിലെ 16 സ്‌കൂളുകളിൽ കൗമാര വിദ്യാഭ്യാസം, സൈബർ ലോ, പാരന്റിങ് എന്നീ വിഷയങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. അവലോകന യോഗത്തിൽ എ ഡി എം റെജി പി ജോസഫ്, ഐ സി ഡി എസ് ജില്ലാ ഓഫീസർ ചിത്രലേഖ എന്നിവർ സംബന്ധിച്ചു
- Log in to post comments