ഇറ്റ്ഫോക്ക് 2020: പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം 20 ന് തുടങ്ങും
പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം 20 ന് വൈകിട്ട് അഞ്ചിന് കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ സാംസ്‌ക്കാരിക മന്ത്രി എ. കെ ബാലൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത അധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്റ്റർ അമിതേഷ് ഗ്രോവർ ആമുഖ പ്രഭാഷണം നടത്തും. കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകത്തിന്റെയും തദ്ദേശഭരണ മന്ത്രി എ. സി മൊയ്തീൻ ഫെസ്റ്റിവൽ ബുള്ളറ്റിന്റെയും പ്രകാശനം നിർവ്വഹിക്കും. നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ പുരസ്‌ക്കാരം മുതിർന്ന നാടക നിരൂപക ശാന്ത ഗോഖലേക്ക് മന്ത്രി എ കെ ബാലൻ സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഉദ്ഘാടന സമ്മേളനത്തിന് നാന്ദികുറിച്ചുകൊണ്ട് വൈകിട്ട് നാലിന് അക്കാദമി മുറ്റത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സപ്ത മദ്ദള കച്ചേരി അരങ്ങേറും.
ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്റർ അവതരിപ്പിക്കുന്ന 'സിൽവർ എപിഡെമിക്' ആണ് ഉദ്ഘാടന നാടകം. ആക്റ്റർ മുരളി ഓപ്പൺ എയർ തിയറ്ററിൽ വൈകിട്ട് ഏഴിനാണ് അവതരണം.
'ഇമാജിനിങ് കമ്മ്യൂണിറ്റീസ്' എന്നതാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ പ്രമേയം. ജനുവരി 20 മുതൽ 29 വരെ പത്തുദിവസങ്ങളിലായി നടക്കുന്ന ഇറ്റ്ഫോക്-2020 ൽ പത്തൊൻപത് നാടകങ്ങൾ അരങ്ങേറും. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്‌ട്രേലിയ, യു.കെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായി ഏഴു നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബംഗളൂരു, ഹൈദ്രാബാദ്, ഭോപ്പാൽ, ഗോവ, ജയ്പ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുണ്ട്. ആറു മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്.
നാടകങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകൾ ഓൺലൈനായി theatrefestivalkerala.com എന്ന ഇറ്റ്‌ഫോക് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുകൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനും അര മണിക്കൂർ മുൻപ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും.
സെമിനാറുകൾ, പെർഫോമൻസ് പോയട്രി, നാടകവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം എന്നിവയും ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുല്പാട്ട്, ഫെസ്റ്റിവൽ കോർഡിനേറ്റർ ജലീൽ ടി കുന്നത്ത് എന്നിവർ പങ്കെടുത്തു.
- Log in to post comments