പൾസ് പോളിയോ : അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇന്ന് (ജനു 19) പോളിയോ തുള്ളിമരുന്ന് നൽകുന്നു
ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള 212729 കുട്ടികൾക്ക് ഇന്ന് (ജനുവരി 19)പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നു. അങ്കണവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ- സ്വകാര്യ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 മണിവരെ പോളിയോ ബൂത്തുകളിലൂടെ പ്രതിരോധ മരുന്ന് നൽകും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും, ഉത്സവ പറമ്പുകൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങി ജനങ്ങൾ ധാരാളമായി എത്തുന്ന മറ്റ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി നൽകുന്ന മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ കേരളം, സാമൂഹ്യ ക്ഷേമ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ആദിവാസി മേഖലകളിൽ പ്രത്യേക ക്യാമ്പുകളും നടത്തുന്നുണ്ട്. മൊബൈൽ ബൂത്തുകൾ, ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പടെ ആകെ 1656 ബൂത്തുകൾ സജ്ജീകരിക്കുന്നുണ്ട്. അന്യദേശ തൊഴിലാളികളുടെ 1734 കുട്ടികൾക്കും, ആദിവാസി മേഖലയിലെ 335 കുട്ടികൾക്കും ജനുവരി 19 ന് പോളിയോ തുള്ളി മരുന്ന് നൽകും. വിവിധ കാരണങ്ങളാൽ 19 ന് തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് പ്രതിരോധം ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനായി വീട് വീടാന്തരം സന്ദർശിച്ച് ആരോഗ്യ പ്രവർത്തകരും, പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരും രണ്ട് ദിവസം കൂടി പ്രവർത്തിച്ച് യജ്ഞം പൂർത്തീകരിക്കുന്നതാണ്.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാ തല ഉദ്ഘാടനം പുതുക്കാട് ആശുപത്രിയിൽ ജനുവരി 19 ന് രാവിലെ 9 .00 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ .സി .രവീന്ദ്രനാഥ് നിർവഹിക്കും. തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ.ജെ റീന മുഖ്യ പ്രഭാഷണം നടത്തും.
- Log in to post comments