Skip to main content

പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം: തെരുവ് നാടകവുമായി കുടുംബശ്രീ

 

ആലപ്പുഴ: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റ ആവശ്യവും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും ജനങ്ങളിലേക്ക് എത്തിക്കാന്‍ തെരുവ് നാടകവുമായി കുടുംബശ്രീ അംഗങ്ങള്‍. കുടുംബശ്രീ ജില്ല മിഷന്റെ സഹകരണത്തോടെ ജില്ല ശുചിത്വമിഷന്‍ നടത്തുന്ന മാലിന്യസംസ്‌കരണ ബോധവല്‍ക്കരണ യാത്രയുടെ ഭാഗമായാണ് കുടുംബശ്രീയുടെ 'രംഗ ശ്രീ നാടക ഗ്രൂപ്പ്' നാടകം അവതരിപ്പിക്കുന്നത്. ചെങ്ങന്നൂര്‍ നഗരസഭയില്‍ തെരുവ് നാടകം നഗരസഭാധ്യക്ഷന്‍ ഷിബു രാജ് ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങളും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആവശ്യകതയും ഇതിലൂടെ എളുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്നു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനൊപ്പം, തുണി സഞ്ചികളുടെ ഉപയോഗം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നാടകം. പ്രിയ കാവാലം, പ്രസന്ന പാണാവള്ളി, ജിഷ കാവാലം, വത്സല മണ്ണഞ്ചേരി, തങ്കമണി കാവാലം, സുമ, രാധ തുടങ്ങിയവരാണ് നാടക ഗ്രൂപ്പിലെ അംഗങ്ങള്‍. ചെങ്ങന്നൂര്‍ നഗരസഭയില്‍ നടന്ന പരിപാടിയില്‍ നഗരസഭ സെക്രട്ടറി ഷെറി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ രാജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണന്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

date