എല്ലാ കോടതി കേന്ദ്രങ്ങളിലും ജില്ലാ നിയമ സേവന അതോറിറ്റിയുടെ ദേശീയ ലോക് അദാലത്ത്
ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണനയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, ബി എസ് എൻ എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംമ്പന്ധിച്ച കേസുകൾ എന്നിവയും ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവയും ലോക് അദാലത്തിൽ പരിഗണിക്കും.ലോക് അദാലത്തിൽ പരിഹരിക്കുന്നതിനുള്ള പരാതികൾ ബന്ധപ്പെട്ട താലുക്ക് നിയമസേവന ഓഫീസുകളിലോ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ എ ബദറുദ്ധീൻ അറിയിച്ചു.
ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണമാണ് അദാലത്ത് നടത്തുന്നത്.നിയമ സാക്ഷരതയ്ക്കും നിയമസഹായത്തിനും പുറമെ വിവിധതലങ്ങളില്‍ നീതിന്യായ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി നടത്തുന്ന ലോക് അദാലത്തുകൾ നിയമ സേവന അതോറിറ്റിയുടെ സവിശേഷമായ പ്രവര്‍ത്തന മേഖലയാണ്.ലോക് അദാലത്തിന്റെ നടപടിക്രമം വളരെ ലളിതമാണ്. അപേക്ഷ ലഭിച്ചാല്‍
തര്‍ക്കക്കക്ഷികള്‍ക്ക് സ്വീകാര്യവും സംയോജിതവും രമ്യവുമായ പരിഹാരത്തിന് അദാലത്ത് ശ്രമം നടത്തും. സാമാന്യ നീതിയുടെയും നീതിപൂര്‍വ്വകമായ സമത്വത്തിന്റെയും വിവേചന ബുദ്ധിയുടെയും അടിസ്ഥാനത്തിലാണ് പരസ്പര ധാരണയിലൂടെ അന്തിമ തീരുമാനത്തില്‍ എത്തുക.ലോക് അദാലത്തിന്റെ തീര്‍പ്പുണ്ടായാൽ അതിന് സിവില്‍ കോടതി വിധിയുടെ മൂല്യവും നിര്‍വ്വഹണ ക്ഷമതയും ലഭ്യമാകും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലൂടെ ഒത്തുതീര്‍ന്നാല്‍ അടച്ചിട്ടുള്ള കോര്‍ട്ട്ഫീസ് തിരികെ കിട്ടും.കോടതികളെപ്പോലെ സാക്ഷികളെയും ഹര്‍ജിക്കാരെയും വിളിച്ചുവരുത്തുവാനും സാന്നിദ്ധ്യം ഉറപ്പാക്കാനും ലോക് അദാലത്തിനും ഇത്തരം അധികാരങ്ങളുണ്ട്.
- Log in to post comments