ആനയെഴുന്നളളിപ്പ് : ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം
ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നതിന് ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. 2012 വരെ ഉത്സവത്തിന് ആനകളെ എഴുന്നളളിച്ചിരുന്ന ക്ഷേത്രങ്ങള്‍, ദേവസ്വങ്ങള്‍, നേര്‍ച്ച കമ്മിറ്റികള്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2015 ഓഗസ്റ്റ് 18 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമുളള സമയപരിധിക്കുളളില്‍ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ക്ഷേത്രങ്ങള്‍/ദേവസ്വം/നേര്‍ച്ച കമ്മിറ്റികള്‍ എന്നിവര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വിവിധ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന് അവസരം നല്‍കുന്നത്. 2012 വരെ നാട്ടാനയെ എഴുന്നളളിച്ചിരുന്നുവെന്ന് രേഖപ്പെടുത്തുന്ന സാക്ഷ്യപത്രവും, തെളിവുകളും അപേക്ഷ ഫോറത്തോടൊപ്പം നല്‍കണം. 2012 വരെ നടന്നിരുന്ന ഉത്സവങ്ങള്‍/പൂരങ്ങള്‍/നേര്‍ച്ചകള്‍ എന്നിവയ്ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. ഇതിന് ശേഷമുളള നാട്ടാനയെ എഴുന്നളളിപ്പിക്കുന്ന ഉത്സവങ്ങള്‍/പൂരങ്ങള്‍/നേര്‍ച്ചകള്‍ എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. മുന്‍ വര്‍ഷത്തില്‍ ഉത്സവത്തില്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ നാട്ടാനകളെ പങ്കെടുപ്പിക്കുവാന്‍ അനുവദിക്കുന്നതല്ല. നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറം ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കളക്ടറുമായോ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0491-2555521, 8547603749, 8547603755, 8547603760.
- Log in to post comments