ദേശീയ ശുചിത്വ സംഗമം : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും
ജനുവരി 21,22 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ശുചിത്വ സംഗമത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു. ശുചിത്വ സംഗമ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അകത്തേത്തറ ഗ്രാമപഞ്ചായത്ത് ഹരിത അവാര്‍ഡ് ഏറ്റുവാങ്ങും. ചിറ്റൂര്‍- തത്തമംഗലം നഗരസഭ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, വെള്ളിനേഴി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്തുകള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ സ്വീകരിക്കും. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട് ചിറ്റൂര്‍- തത്തമംഗലം നഗരസഭ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, വെള്ളിനേഴി, പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകള്‍ ഈ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും ഭാവി പ്രവര്‍ത്തന നിര്‍ദേശങ്ങളും പ്രബന്ധങ്ങളിലൂടെ അവതരിപ്പിക്കും. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിന്റെ ഹരിത കേരളം മിഷന്‍ ക്ലീന്‍ ഗ്രീന്‍ പദ്ധതി സംസ്ഥാന ശ്രദ്ധനേടിയതാണ്. ഹരിത കര്‍മ്മ സേന, എം.സി.എഫ്, ആര്‍.ആര്‍.എഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 42 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ സംഗമത്തില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കും.
സംസ്ഥാനതല ശുചിത്വ സംഗമത്തിന് മുന്നോടിയായി ജനുവരി 20, 21 ദിവസങ്ങളില്‍ കുടുംബശ്രീ, ഹരിതകേരളം-ശുചിത്വ മിഷനുകളുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനില്‍ ബദല്‍ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments