Skip to main content

ഭവനരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും; കൊല്ലങ്കോട് ബ്ലോക്ക് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും നടന്നു.

 

 

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കെ.ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഭവനരഹിതരില്ലാത്ത  ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും  ഇതിന് മുതല്‍ക്കൂട്ടാവുന്നതാണ്് ലൈഫ് മിഷന്‍ പദ്ധതിയാണെന്നും  എം.എല്‍.എ.  പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ഇതുവരെ ഉള്‍പ്പെടാത്ത ഭൂമിയും വീടും സ്വന്തമായി ഇല്ലാത്തവരെ കണ്ടെത്തി സംസ്ഥാനത്ത് 43 സ്ഥലങ്ങളില്‍ സ്ഥലം  കണ്ടെത്തി ഫളാറ്റ് നിര്‍മിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  ജില്ലയിലെ ആദ്യ ഫ്‌ളാറ്റ് ചിറ്റൂര്‍ മുന്‍സിപ്പാലിറ്റിയിലെ വെള്ളപ്പനയില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നതായും പ്രളയം ഉള്‍പ്പെടെ നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഇതെല്ലാം അതിജീവിച്ച്   പദ്ധതികളെ  ബാധിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും എം.എല്‍ എ. പറഞ്ഞു.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി  849 വീടുകളാണ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , സിവില്‍ സപ്ലൈസ് ,  സാമൂഹികനീതി വകുപ്പ്,  കുടുംബശ്രീ , ഐ.ടി. വകുപ്പ് , ഫിഷറീസ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി -പട്ടികവര്‍ഗ വകുപ്പ് , ക്ഷീര വികസന വകുപ്പ്,  ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്, ലീഡ്ബാങ്ക്, ഗ്യാസ് ഏജന്‍സികള്‍, ബാംബൂ കോര്‍പ്പറേഷന്‍ വകുപ്പുകളുടെ സേവനവും പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ ലഭ്യമായി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പട്ടഞ്ചേരി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്തുകള്‍ക്കും വി.ഇ.ഒ മാര്‍ക്കും പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജാസ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍,  വിവിധ  പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date