പിതാവിനെ സംരക്ഷിക്കാത്ത മകളുടെ ആധാരം റദ്ദ് ചെയ്തു
പിതാവിനെ സംരക്ഷിക്കാത്ത മകളുടെ ആധാരം റദ്ദ് ചെയ്ത് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍. ചിറ്റൂര്‍ തത്തമംഗലം സ്വദേശിയായ മുതിര്‍ന്ന പൗരന്റെ അപേക്ഷയിന്മേലാണ് പാലക്കാട് മെയിന്റനന്‍സ് ട്രൈബൂണല്‍ പ്രീസൈഡിങ് ഓഫീസറും, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായ പി.എ.വിഭൂഷണന്‍ ആധാരം റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടത്. മകള്‍ തന്നെയും, ഭാര്യയെയും സംരക്ഷിക്കുമെന്ന ഉറപ്പിന്മേല്‍ സ്വത്തുക്കള്‍ സെറ്റില്‍മെന്റായി രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നും അതിന് ശേഷം മകള്‍ സംരക്ഷിക്കുകയോ, ആവശ്യങ്ങള്‍ നിറവേറ്റുകയോ ചെയ്യാത്തതിനാല്‍ മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം-2007 പ്രകാരം പാലക്കാട് മെയിന്റനന്‍സ് ട്രൈബൂണലില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
മകളെ നേരില്‍ ഹാജരാകുവാന്‍ പലതവണ നോട്ടീസയച്ചെങ്കിലും മെയിന്റനന്‍സ് ട്രൈബൂണല്‍ മുമ്പാകെ ഹാജരാവുകയോ, തന്റെ ഭാഗം വിശദീക്കരിക്കുകയോ ചെയ്യാത്തതിനാല്‍ മെയ്ന്റനന്‍സ് ആക്ട് -2007 ലെ സെക്ഷന്‍ 6(4) പ്രകാരം എതിര്‍കക്ഷിയായ മകളെ എക്‌സ്പാര്‍ട്ടിയായി തീരുമാനിക്കുകയും കേസ് വാദം തുടരുകയും ചെയ്തു.
വസ്തു കൈമാറ്റം കിട്ടിയതിന് ശേഷം മുതിര്‍ന്ന പൗരനായ അപേക്ഷകന്റെ സുഖ സൗകര്യങ്ങളും, ഭൗതിക ആവശ്യങ്ങളും മകള്‍ നിരസിക്കുകയും, വീഴ്ച വരുത്തിയിട്ടുള്ളതായും ട്രൈബൂണലിന് ബോധ്യമായതിനാല്‍ മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം -2007 ലെ സെക്ഷന്‍ 23(1) പ്രകാരം എതിര്‍കക്ഷിയുടെ പേരില്‍ എഴുതി നല്‍കിയ സെറ്റില്‍മെന്റ് ആധാരം റദ്ദ് ചെയ്തു.
- Log in to post comments