ജില്ലാതല പട്ടയമേള 21 ന് ആയിരം കുടുംബങ്ങള്‍ ഭൂവുടമകളാകും
ജില്ലാതല പട്ടയമേള ജനുവരി 21 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന 500 കുടുംബങ്ങള്‍ക്കുളള പട്ടയവും അഞ്ഞൂറോളം ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുളള വനഭൂമിയുടെ കൈവശ രേഖയും മന്ത്രി കൈമാറും. ലാന്റ് ട്രിബ്യൂണല്‍ പട്ടയം, ദേവസ്വം പട്ടയം, എല്‍.എ. പട്ടയം, മിച്ചഭൂമി പട്ടയം തുടങ്ങിയ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുളള തുടങ്ങിയവര്‍ പങ്കെടുക്കും. കുപ്പാടിത്തറ വില്ലേജിനോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ റവന്യൂ മന്ത്രി നിര്‍വ്വഹിക്കും.
മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 21 ന്
ജില്ലയിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസും ഉദ്ഘാടനത്തിനൊരുങ്ങി. മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ആധുനിക സൗകര്യത്തോടെ 43,85,000 രൂപ ചെലവിട്ടാണ് സ്മാര്‍ട്ട് വില്ലേജ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക്കര്‍ സംവിധാനം, ഇരിപ്പിട സൗകര്യം, വിശാലമായ വെയ്റ്റിംഗ് ഏരിയ, അംഗപരിമിതര്‍ക്കുളള റാമ്പ്, ഇ ഓഫീസ് പ്രവര്‍ത്തനത്തിനുളള നെറ്റ് വര്‍ക്ക് സൗകര്യം, യു.പി.എസ്, ചുറ്റുമതില്‍, ശൗച്ചാലയം, കുടിവെളള സൗകര്യം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഓഫീസ് ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് ജില്ലയിലുളളത്. ചെറുകാട്ടൂര്‍, കുപ്പാടി, കല്‍പ്പറ്റ എന്നീ വില്ലേജ് ഓഫീസുകളെയാണ് നേരത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് മുഴുവന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെയും നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് തുടങ്ങിയവര്‍ പങ്കെടുക്കും. റവന്യൂ ജീവനക്കാര്‍ക്കായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ റവന്യൂ മന്ത്രി നിര്‍വ്വഹിക്കും.
- Log in to post comments