Skip to main content
കോളപ്ര ഗവ.എല്‍.പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഇംഗ്ലീഷ് ഭാഷ മികവ് പ്രഖ്യാപന സമ്മേളനം റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

സാമൂഹ്യ മാറ്റത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മുഖ്യപങ്ക്്

സമൂഹത്തിലെ  മാറ്റങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ.   കോളപ്ര ഗവ.എല്‍.പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷ മികവ് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ തന്നെപൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്വാധീനിച്ചിട്ടുണ്ട്.  ഇതിലൂടെ അറിവു നേടാനുള്ള ജാഗ്രതയും വ്യഗ്രതയും സമൂഹത്തിന് പകര്‍ന്നു നല്കാന്‍ കുട്ടികള്‍ക്ക് സാധിക്കും. വിദ്യാലയങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കണമെങ്കില്‍ സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പ്രത്യേക താല്പര്യമെടുക്കണമെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനായി 3 ലക്ഷം രൂപ  അനുവദിച്ചു.
കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.  പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍ പൊതു വിദ്യാഭ്യാസ മിഷന്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രധാനധ്യാപിക ഷാലിമോള്‍ സി.എസ് റിപ്പോര്‍ട്ട്് അവതരിപ്പിച്ചു.  

ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായി സ്‌കൂളില്‍ 2019 സെപ്തംബര്‍ മുതല്‍ 5 ഘട്ടങ്ങളിലായി ചലഞ്ച് 5  കര്‍മപരിപാടി ആസൂത്രണം ചെയ്യുകയും കുട്ടികള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ പ്രത്യേക പരിശീലനം നല്കി. സംഭാഷണം, കഥകള്‍,കളികള്‍, തുടങ്ങിയവയിലൂടെ പഠനം രസകരമാക്കി. സ്‌കൂളുകളില്‍ തന്നെ ഇംഗ്ലീഷ്  സംസാരിക്കുന്നതിനും തെറ്റു തിരുത്തുന്നതിനും അവസരമൊരുക്കുകയും  ക്ലാസ്സ്  പിടിഎയില്‍ കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുകയും ചെയ്തു. എസ്.എസ്.കെ, ഡയറ്റ്, എ.ഇ.ഒ, ബി.ആര്‍സി, തുടങ്ങിയവയുടെ മേല്‍നോട്ടത്തിലാണ് സ്‌കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

യോഗത്തില്‍  വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷ വിജയന്‍, പഞ്ചായത്തംഗം സുമ അനില്‍, പിടിഎ പ്രസിഡണ്ട് ശ്രീജിത്ത് സി.എസ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ഷാജിമോന്‍, അറക്കുളം എ.ഇ.ഒ കെ.വി രാജു, അറക്കുളം ബി.പി.ഒ മുരുകന്‍ വി അയത്തില്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സിക്യൂട്ടീവ് വി.സി ബൈജു, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date