Skip to main content
വോട്ടര്‍ പട്ടിക പുതുക്കുന്നതു സംബന്ധിച്ച് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ജില്ലാ തല പ്രതിനിധി യോഗത്തിന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കുന്നതിന് പരിശീലനം നല്‍കും :ജില്ലാ കലക്ടര്‍

സേവനങ്ങള്‍ സംബന്ധിച്ച ഫീസിന്റെ പട്ടിക അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കുന്നതിന് സമ്മതിദാനാവകാശ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പരിശീലനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വോട്ടര്‍ പട്ടിക പുതുക്കുന്നതു സംബന്ധിച്ച് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ തല പ്രതിനിധികളുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണിക്കാര്യം അറിയിച്ചത്. അക്ഷയ കേന്ദ്രത്തിലൂടെ മാത്രം ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നത് പിന്നോക്ക ജില്ലയായ ഇടുക്കിയില്‍ പ്രായോഗികമല്ലെന്നും കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച ഫീസിന്റെ പട്ടിക കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമിത ഫീസ് ഈടാക്കുന്നെന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പരാതിയ്ക്ക് മറുപടിയായി കലക്ടര്‍ പറഞ്ഞു.

ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ജനുവരി 20 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.  കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഫെബ്രുവരി 14 വരെ സ്വീകരിക്കും. അപേക്ഷകന്‍ കമ്മീഷന്റെ  www.lsgelection.keralagov.in        എന്ന സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിങ് ഫെബ്രുവരി 25ന് പൂര്‍ത്തിയാക്കും. ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കുന്നതിനും നിലവിലുള്ള അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും  സംയോജിപ്പിച്ചു കൊണ്ടുള്ള  ഏകീകൃത പട്ടികയും www.lsgelection.kerala.gov.in/eroll   വെബ്സൈറ്റില്‍ ലഭിക്കും. പുതുക്കുന്നതിനുള്ള യോഗ്യത തിയതി 2020 ജനുവരി 1 ആണ്. ഒന്നാം തിയതിക്കോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരായിരിക്കണം. കരട് വോട്ടര്‍ പട്ടികയുടേയും അന്തിമ വോട്ടര്‍ പട്ടികയുടേയും രണ്ടു പകര്‍പ്പുകള്‍ വീതം കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് സൗജന്യമായി നല്‍കും. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പിബി സബീഷ,് എംജെ മാത്യു (സിപിഎം), എംഡി അര്‍ജുനന്‍ (ഐഎന്‍സി), മാത്യു വര്‍ഗീസ് (സിപിഐ), രാജേന്ദ്രലാല്‍ ദത്ത് (ബിഡിജെഎസ്)ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം എന്‍ രതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date