Skip to main content

ലൈഫ്  പദ്ധതി: ജില്ലാ സംഗമവും ഭവന പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി 19ന്

ഇടുക്കി ജില്ലയില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂര്‍ത്തീകരിച്ച 11881 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനുവരി 19 ഉച്ചക്ക് 12ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ലൈഫ്മിഷന്‍ സി.ഇ.ഒ  യു.വി ജോസ് ലൈഫ് പദ്ധതി വിശദീകരിക്കും. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയിലെ എം.എല്‍.എമാരും ത്രിതല പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളും സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനതലത്തില്‍ നിര്‍മ്മിക്കുന്ന രണ്ടുലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതിന് മുന്നോടിയായാണ് ജില്ലാസംഗമം നടത്തുന്നത്.

date