Skip to main content
നെടുംങ്കണ്ടം യു.പി സ്‌കൂളിന്റെ പുതിയ മന്ദിരം വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു.

പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വൈദ്യുതി മന്ത്രി എം.എം.മണി

 

പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഹൈടെക് ആക്കി മാറ്റുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളിലെ പുതിയ മന്ദിരം  ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള സ്‌കൂളുകളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പരിധിയില്‍ വരും. സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നില്ല. നിലവിലുള്ളത് നടക്കട്ടെയെന്നും പുതുതായി അനുവദിക്കുന്നില്ലെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തി പുതിയ പാഠ്യരീതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയില്‍ സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളിനും എന്‍.ആര്‍ സിറ്റി എസ് എന്‍ വി സ്‌കൂളിനും 5 കോടി രൂപ വീതവും രാജാക്കാട് സര്‍ക്കാര്‍ സ്‌കൂളിന് 3 കോടി രൂപയും, നെടുങ്കണ്ടം, മുണ്ടിയെരുമ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ സ്‌കുളിലെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. 1960ല്‍ ആരംഭിച്ച സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കും ഉദ്ഘാടനത്തോടെ തുടക്കം കുറിച്ചു. ഇതിനോടനുബന്ധിച്ച് മാര്‍ച്ച് 22 ന്  പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമവും നടക്കും.

 

484 ചതുരശ്ര മീറ്റര്‍ വിസതീര്‍ണത്തില്‍  ഇരു നിലകളിലായി ഏഴു ഹൈടെക്ക് ക്ലാസ് മുറികളും, ഓഫീസും, ഭിന്നശേഷിക്കാര്‍ക്ക്് സൗകര്യപ്രദമായ ശൗചാലയവും അടക്കമാണ് പുതിയ  സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് എഞ്ചിനീയര്‍ ഷെല്ലി ജെയിംസ്, കോണ്‍ട്രാക്ടര്‍ കെ.യു ജോസിനെയും ചടങ്ങില്‍ അനുമോദിച്ചു.  

 

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ബിനുമോന്‍ പി.എം പദ്ധതി വിശദീകരണവും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കെ രമ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ആര്‍ സുകുമാരന്‍ നായര്‍, ശ്യാമള വിശ്വനാഥന്‍, ജോണി പുതിയാപറമ്പില്‍, കെ.എന്‍ തങ്കപ്പന്‍, ശ്രീമന്ദിരം ശശികുമാര്‍, ഷിഹാബുദ്ദീന്‍ യൂസഫ്, വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ട് ബോര്‍ഡ് അംഗം പി.എന്‍ വിജയന്‍, നെടുങ്കണ്ടം യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോം ലൂക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date