Skip to main content

അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി : പൂത്തറക്കൽ കോളനി ഒരു കോടി രൂപ ചെലവിൽ നവീകരിച്ചു

അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ചേർപ്പ് ഗ്രാമ പഞ്ചായത്തിലെ പൂത്തറക്കൽ ഐ എച്ച് ഡി പി കോളനി ഒരു കോടി രൂപ ചെലവാക്കി നവീകരിച്ചു. കേരള സർക്കാർ നടപ്പിലാക്കുന്ന പട്ടിക ജാതി വികസനത്തിനുള്ള പദ്ധതിയാണ് അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി. കുടിവെള്ള വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കുഴൽകിണറുകൾ, രണ്ട് മോട്ടോർ ഷെഡുകൾ എന്നിവ സ്ഥാപിക്കും. പമ്പ്സെറ്റ് വൈദ്യുതീ കണക്ഷൻ ചെയ്തു., 5000 ലിറ്ററിന്റെ രണ്ട് വാട്ടർ ടാങ്കുകൾ, മണിക്കൂറിൽ 4000 ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് വാട്ടർ പ്യൂരിഫയറുകൾ, 92 വീടുകളിലേക്ക് 500 ലിറ്റർ പി വി സി വാട്ടർ ടാങ്ക് ഉൾപ്പെടെ കുടിവെളള കണക്ഷനും നൽകി. ഇതിനായി 34 ലക്ഷം ചെലവാക്കി. കൂടാതെ 29 ലക്ഷം ചെലവിൽ കമ്മ്യൂണിറ്റി ഹാൾ നവീകരിച്ചു. പെയിന്റിംഗ്, പ്ലംബിംഗ്, വൈദ്യുതീകരണം, കിണർ റീചാർജ് ഹാളിലേക്ക് 25 സ്റ്റൈൻലെസ്സ് സ്റ്റീൽ ഡൈനിങ്ങ് ടേബിൾ, 150 കസേരകൾ, 2, 56, 760 രൂപയുടെ പാത്രങ്ങൾ, ചുറ്റുമതിൽ എന്നിവയും സജ്ജീകരിച്ചു.
മൂന്ന് വീടുകളുടെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ 1.92 ലക്ഷം രൂപ ചെലവാക്കി. 2.69 ലക്ഷം ചെലവിൽ ശ്മശാനം നവീകരിച്ചു. പുതിയ മതിൽ നിർമ്മിച്ച് പെയിന്റിംഗ് ചെയ്ത് നെയിം ബോർഡ് സ്ഥാപിച്ചു. ഹാളിന്റെ മുൻ വശത്ത് 8 മീറ്റർ ഉയരത്തിൽ 2.69 ലക്ഷം രൂപക്ക് സോളാർ മിനി മാസ്ലൈറ്റും സ്ഥാപിച്ചു. നഴ്സറി സ്‌കൂളിന്റെ ചുറ്റുമതിൽ, മുറ്റത്ത് ടൈൽസ്, ട്രെസ് വർക്ക്, ഷീറ്റ്, കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ, കളിയുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവക്കായി എട്ട് ലക്ഷം രൂപയും ചെലവഴിച്ചു. 20 ലക്ഷം രൂപ ചിലവിൽ 25 വീടുകളുടെ അറ്റകുറ്റപ്പണിയും 1.70 ലക്ഷത്തിന് നാല് പൊതുകിണർ നവീകരണവും നടത്തി. ഇങ്ങനെ മൊത്തം പ്രവർത്തനങ്ങൾക്കായി പട്ടിക ജാതി വികസന വകുപ്പ് ഒരു കോടിരൂപ ചിലവാക്കി. നാട്ടിക എംഎൽഎ ഗീത ഗോപിയുടെ നിർദ്ദേശ പ്രകാരം നിർമ്മിതി കേന്ദ്രയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു.

date