Skip to main content

ഭൂമി അവകാശമാണ് ആദിവാസികള്‍ക്കെല്ലാം ഭൂമി ഉറപ്പ് വരുത്തും                         :മന്ത്രി. ഇ ചന്ദ്രശേഖരന്‍

· മൂന്നര വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് 1,40,000 പേര്‍ക്ക് പട്ടയം നല്‍കി
    ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ഉറപ്പ് വരുത്തുമെന്ന് റവന്യു വകുപ്പ്  മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.   കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഔദാര്യമല്ല അവകാശമാണ്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വന ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിലുളള കാലതാമസം ഒഴിവാക്കണം. അനുവദിക്കപ്പെട്ട ഭൂമി ഏതാണെന്ന്  തിട്ടപ്പെടുത്തുന്ന മുറയ്ക്ക്  ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വിതരണം ചെയ്യാനായി വനം വകുപ്പ് തെരഞ്ഞെടുക്കുന്ന ഭൂമി വാസയോഗ്യമായിരിക്കണം. ഇവിടെ വീട് നിര്‍മ്മിക്കുന്നതിനൊപ്പം കൃഷി നടത്താനും സാധിക്കണം. ഇപ്പോള്‍ വിതരണം ചെയ്യുന്ന 10 സെന്റ് ഭൂമിക്ക് പുറമെ ബാക്കിയുളള 90 സെന്റ് ഭൂമിയും വനം വകുപ്പ് ഭൂമി വിട്ട് നല്‍കുന്ന മുറക്ക്  വിതരണം ചെയ്യുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

   സംസ്ഥാനത്ത് മൂന്നര വര്‍ഷത്തിനുളളില്‍ 1,40,000 പേര്‍ക്ക് പട്ടയം നല്‍കി. അഞ്ച് ജില്ലകളില്‍ കൂടി പട്ടയവിതരണം പൂര്‍ത്തിയാകുന്നതോടെ പട്ടയം ലഭിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷം കടക്കും. സാങ്കേതികത്വത്തിന്റെ പേരില്‍ കേസ് തീര്‍പ്പുകല്‍പ്പിക്കുന്നത് അനന്തമായി നീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ട്രൈബ്യൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    പട്ടികജാതി,പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്,എ.ഡി.എം തങ്കച്ചന്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
 

date