Skip to main content

കാര്യക്ഷമമായ പൊതുജന സേവനം സര്‍ക്കാരിന്റെ ലക്ഷ്യം                            :മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാലത്തിനനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ നവീകരണം ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് ജനസേവനത്തിന് മാതൃകയാകുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ പൊതുജന സേവനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി കാലോചിതമായി എല്ലാ സൗകര്യങ്ങളും എത്തിക്കും. ജനസൗഹൃദ ഓഫീസുകള്‍ നാടിന്റെ മുഖമുദ്രയാകും. സര്‍ക്കാര്‍ വികസന നയത്തിന്റെ ഭാഗമായി  സൗകര്യപ്രദമായ കെട്ടിടം നിര്‍മ്മിച്ചും, പൊതുജന സൗഹൃദപ്രദമായ രീതിയില്‍ ഓഫീസ് സംവിധാനം ആധുനികവല്‍ക്കരിച്ചും കേരളത്തിലെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
43,85000 രൂപ ചെലവഴിച്ചാണ്  മാനന്തവാടിയില്‍  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയാണ് സ്മാര്‍ട്ട് വില്ലേജുകള്‍ പൂര്‍ത്തിയാക്കിയത്.  സംരക്ഷണ ഭിത്തിയടക്കമുള്ള ചുറ്റുമതില്‍, ഗേറ്റ്, കിണര്‍, കല്ല് പാകിയതും പുല്‍ത്തകിടി പിടിപ്പിച്ചുമുള്ള വിശാലമായ മുറ്റം, പൊതുജനങ്ങള്‍ക്കുള്ള ടോയ്‌ലറ്റ്, ശുദ്ധീകരിച്ച കുടിവെള്ളം, ഇരിപ്പിട സൗകര്യങ്ങളുള്ള വിശാലമായ വെയിറ്റിംഗ് ഏരിയ, അംഗ പരിമിതര്‍ക്കുള്ള റാമ്പ് സൗകര്യം, ലൈറ്റിങ്ങോടുകൂടിയുള്ള മനോഹരമായ സീലിംഗ് വര്‍ക്കുകള്‍, ജീവനക്കാര്‍ക്കുള്ള കാബിനുകള്‍, ഫ്രണ്ട് ഓഫീസ് സൗകര്യം,    ഇ-ഓഫീസായി പ്രവര്‍ത്തിക്കുന്നതിനുള്ള നെറ്റ് വര്‍ക്ക് സൗകര്യം, ഫര്‍ണിച്ചര്‍ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ചടങ്ങില്‍ തിരുനെല്ലി, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച റവന്യൂ ജീവനക്കാര്‍ക്കുള്ള സ്റ്റാഫ് ക്വാട്ടേഴ്‌സുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ  അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, സബ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ്, തഹസില്‍ദാര്‍ എന്‍.ഐ.ഷാജു, വില്ലേജ് ഓഫീസര്‍ സുജിത് ജോസി തുടങ്ങിയവര്‍ സംസാരിച്ചു.

date