Skip to main content

പാണ്ടിക്കാട് അസാപ് സ്‌കില്‍ പാര്‍ക്ക്  ഉദ്ഘാടനത്തിനൊരുങ്ങുന്നു ജനുവരി 27ന് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും

 

വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍/നൈപുണ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  ജില്ലയിലെ പാണ്ടിക്കാട് അനുവദിച്ച അസാപ് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് തയ്യാറായി. പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സ്ഥാപിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം ജനുവരി 27ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. രാവിലെ 10ന്  നടക്കുന്ന ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ  അധ്യക്ഷനാകും. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രൈയിനര്‍ കോഴ്‌സിന്റെ റഗുലര്‍, വരാന്ത്യ ബാച്ചുകളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി എം.എല്‍.എ യുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 16 കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്കുകളാണ് സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒമ്പത് സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിച്ചു. ഇതില്‍ ജില്ലയിലെ രണ്ടാമത്തെ പാര്‍ക്കാണ് പാണ്ടിക്കാട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 25,000 ചതുരശ്രയടിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പരിശീലന കേന്ദ്രമാണ് നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം മുന്നൂറില്‍പരം പേര്‍ക്ക് പരിശീലനം നല്‍കാന്‍ശേഷിയുള്ളതാണ് കേന്ദ്രം. എ.ഡി.ബി. സഹായത്താല്‍ സംസ്ഥാന സര്‍ക്കാര്‍ 14 കോടിയോളം രൂപ ചെലവഴിച്ചാണ് കേന്ദ്രത്തിന്റെ നിര്‍മാണം. വൈദ്യുതി, വെള്ളം, ഗ്യാസ്, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങളുള്ള വിശാലമായ അഞ്ച് ക്ലാസ് മുറികളും ഹെവി മെഷിനറി, പ്രിസിഷന്‍, ഐ.ടി, ആക്ടിവിറ്റി ലാബുകളും വിശാലമായ എന്‍ട്രന്‍സ് ലോബിയുമാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 
സേവനം, നൈപുണ്യവികസനം, ബിസിനസ്, വിനോദം എന്നീ ലക്ഷ്യങ്ങളോടെ യാണ് പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. അക്കാദമിക് സൗകര്യങ്ങളോടൊപ്പം ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും.
മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് യുവാക്കളെ സജ്ജരാക്കി രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള കോഴ്സുകളില്‍ പരിശീലനം ലഭ്യമാക്കുന്ന രീതിയിലാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയില്‍ തവനൂര്‍ മദിരശ്ശേരിയിലാണ് അസാപിന്റെ മറ്റൊരു സ്‌കില്‍ പാര്‍ക്ക് ഒരുങ്ങുന്നത്. സ്ഥാപനത്തിന്റെ ശിലാസ്ഥാപനം മന്ത്രി ഡോ.ക.ടി ജലീല്‍ ജനുവരി 18ന് നിര്‍വഹിച്ചിരുന്നു.
 

date