Skip to main content
ചില്ലിത്തോട് അംബ്ദേക്കര്‍ കോളനി കവാടം

പട്ടയം: ചില്ലിത്തോടിന്റെ മനസില്‍ ചില്ലിമുളംകാറ്റ്

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആശിച്ചത് പടിവാതില്‍ക്കല്‍
എത്തി നില്‍ക്കുന്നതിന്റെ ആഹ്ളാദത്തിലാണ് അടിമാലി ചില്ലിത്തോട്
പട്ടികജാതി കോളനിവാസികള്‍. സ്വന്തം അധ്വാനത്തില്‍ പൊന്നുവിളയിച്ചെടുത്ത
മണ്ണിന് അവകാശം കിട്ടുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അങ്ങിനെയൊരു
സ്വപ്നത്തിന്റെ സാക്ഷാത്കാരം അടുത്തെത്തിയ സന്തോഷത്തിലാണ് ചില്ലിത്തോട്
കോളനിവാസികള്‍. സ്വന്തം ഭൂമിക്ക് പട്ടയം എന്ന ഇവരുടെ ആവശ്യത്തിന്
അരനൂറ്റാണ്ടിനടുത്ത് പഴക്കമുണ്ട്.1975 ലാണ് ഇവിടെ ആദ്യ കുടിയേറ്റം
ഉണ്ടായതെന്ന് അടിമാലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും
കുടിയേറ്റക്കാരിലൊരാളുമായ മുകളേല്‍ക്കുടി തങ്കപ്പന്‍ ഓര്‍മിക്കുന്നു.
കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി.കപ്പയും വാഴയും കാപ്പിയും കുരുമുളകും
ഒക്കെ നട്ടു.കടുത്ത ദാരിദ്ര്യാവസ്ഥയായിരുന്നു. ഉടുതുണിക്ക്
മറുതുണിയില്ലാത്ത സ്ഥിതി. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ
വിശപ്പടക്കണമായിരുന്നു. പകലന്തിയോളം അധ്വാനിച്ച് മണ്ണിനെ കീഴ്പ്പെടുത്തി.
അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ ഡോ.ബാബു പോള്‍ നേതൃത്വം നല്‍കി 90 ഓളം
കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കിയത്. ഒരേക്കര്‍ വരെയാണ് കിട്ടിയത്.
ഇപ്പോള്‍ 250 ലേറെ കുടുംബങ്ങള്‍ ഇവിടെ ഉണ്ട്. തങ്കപ്പന്‍ ഉള്‍പ്പെടെ
ശേഷിക്കുന്ന മുതിര്‍ന്നവരില്‍ പലരും ശാരീരിക ക്ഷീണം അനുഭവിക്കുന്നു. 1975
ഡിസംബര്‍ 13ന് അമ്മിണിയെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ടാണ്‍ മക്കള്‍.
ഈറ്റപ്പണിയെടുത്താണ് ആദ്യകാലത്ത് വരുമാനം കണ്ടെത്തിയതെന്ന് അമ്മിണി
പറഞ്ഞു. ഇപ്പോഴും ചില്ലിത്തോട് കോളനിവാസികളുടെ പ്രധാന വരുമാനങ്ങളിലൊന്ന്
ഈറ്റ ഉത്പന്നങ്ങളുടെ നിര്‍മാണമാണ്. കൊട്ട, വട്ടി, മുറം, പനമ്പ്
ഉള്‍പ്പെടെ നിര്‍മിക്കുന്നു. ഇപ്പോള്‍ റബര്‍ ഒഴികെ മറ്റെല്ലാ കൃഷികളും
കുടുംബങ്ങള്‍ ചെയ്യുന്നുണ്ട്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി കോളനിയാണ് ചില്ലിത്തോട്ടിലെ
അംബേദ്കര്‍ നഗര്‍ കോളനിയെന്ന് പട്ടയത്തിനായുള്ള ജനകീയ ഏകോപന സമിതിയുടെ
കണ്‍വീനര്‍ കെ.കെ. രാജന്‍ പറഞ്ഞു. സ്വന്തം ഭൂമിക്ക് പട്ടയം കിട്ടാനുള്ള
കോളനിവാസികളുടെ ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വന്ന
സര്‍ക്കാരുകള്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാല്‍
നടപടികളുണ്ടായില്ല. അങ്ങിനെയിരിക്കെ നാലു മാസം മുമ്പ് ചില്ലിത്തോട്
ഉള്‍പ്പെടുന്ന ദേവികുളം നിയോജക മണ്ഡലത്തിന്റെ എംഎല്‍എ കൂടിയായ
എസ്.രാജേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ജനകീയ യോഗത്തിലാണ് വിഷയത്തില്‍
വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രി എം
എം മണിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുകയും അദ്ദേഹം മുഖ്യമന്ത്രിയെയും റവന്യം
മന്ത്രിയെയും ധരിപ്പിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍
മുന്‍കൈയെടുത്തതോടെ പട്ടയപ്രതീക്ഷകള്‍ക്കു ചിറകു വച്ചു. സര്‍വെ നടപടികള്‍
95 ശതമാനത്തിലേറെ പൂര്‍ത്തിയായെന്ന് മന്നാംകണ്ടം വില്ലേജ് ഓഫീസര്‍ വി.
ബി. ജയന്‍ പറഞ്ഞു. ജനുവരി 24 ന് കട്ടപ്പനയില്‍ നടക്കുന്ന ജില്ലാതല
പട്ടയമേളയില്‍ ചില്ലിത്തോട് കോളനി വാസികള്‍ക്കു പട്ടയം വിതരണം ചെയ്യാന്‍
കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍
പറഞ്ഞു.
ചില്ലിത്തോടില്‍ നിന്നു തോണിപ്പാറയിലേക്കുള്ള രണ്ടു കിലോമീറ്റര്‍
റോഡരികിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. വെള്ളം, വഴി, വൈദ്യുതി തുടങ്ങി
മറ്റെല്ലാ സൗകര്യങ്ങളും എത്തിയിട്ടും കിടപ്പാടത്തിന് അവകാശമില്ലാത്ത
സ്ഥിതി എല്ലാ കുടുംബങ്ങളുടെയും ഇക്കാലമത്രയും പിന്നിട്ട മന:
ക്ലേശമായിരുന്നുവെന്ന് ഈറ്റ തൊഴിലാളി കുടിയായ അമ്പാട്ട് തങ്കമ്മ
ഓര്‍മിക്കുന്നു.

ഒടുവില്‍ പട്ടയം ലഭിക്കുമെന്നറിയുമ്പോള്‍ തങ്കപ്പനെപ്പോലെ സന്തോഷിക്കുന്ന
മറ്റൊരു കുടുംബമാണ് വട്ടോല ഭാസ്‌കരന്റേത്. പനംകൂട്ടിയില്‍ നിന്ന് 1975
ല്‍ കുടിയേറിയ ഭാസ്‌കരന്‍ - ശോഭന ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ്.
കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും പട്ടിണിയുടെയും നാള്‍വഴികളിലൂടെയാണ്
മക്കളെ വളര്‍ത്തി വലുതാക്കിയത്.ഇവരില്‍ രണ്ടു പേര്‍ ഇപ്പോള്‍ ഉയര്‍ന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇങ്ങനെ ചില്ലിത്തോട് കോളനിയിലെ ഓരോ
കുടുംബത്തിനുമുണ്ട് ജീവിതപ്പാതയിലെ നാഴികക്കല്ലുകള്‍.

 

date